തിരുവനന്തപുരം: കാര്യവട്ടം ജംഗ്ഷനിൽ മൂടിയില്ലാത്ത ഓടയിൽ വീണ് വാഹനാപകടങ്ങൾ സംഭവിച്ച സാഹചര്യത്തിൽ ഓടയിൽ സ്ലാബ് സ്ഥാപിച്ച് അപകടം ഉണ്ടാകാതിരിക്കാനുള്ള അടിയന്തര നടപടികൾ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
കാര്യവട്ടം -ചേങ്കോട്ടുകോണം ഭാഗത്തേക്ക് തിരിയുന്ന സ്ഥലത്തെ മൂടിയില്ലാത്ത ഓടയാണ് അപകടങ്ങൾക്ക് കാരണമായത്. കാര്യവട്ടം ജംഗ്ഷൻ മുതൽ ചേങ്കോട്ടുകോണം വരെയുള്ള ഭാഗത്ത് അടുത്തകാലത്താണ് ഓട നിർമ്മിച്ച് ടാർ ചെയ്തത്. എന്നാൽ അപകടഭീഷണിയുള്ള കാര്യവട്ടം ജംഗ്ഷനിലെ ഓടയിൽ സ്ലാബിടുന്ന ജോലി ആരംഭിച്ചിട്ടില്ല.
പരാതി പരിഹരിച്ച് നാലാഴ്‌ച്ചക്കകം എക്സിക്യൂട്ടീവ് എൻജിനീയർ നടപടി റിപ്പോർട്ട് കമ്മീഷനിൽ സമർപ്പിക്കണം. ജനുവരി 14 ന് രാവിലെ 10 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ റാങ്കിൽ കുറയാത്ത ഒരു ഉദ്യാഗസ്ഥൻ സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.