പുത്തൂർ: മാസങ്ങൾക്ക് മുൻപ് കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ട വീട്ടമ്മ ആത്മഹത്യ ചെയ്ത നിലയിൽ. പുത്തൂർ കുളക്കടക്കിഴക്ക് മനോജ് ഭവനിൽ ശ്യാമളയമ്മ (62) യാണ് മരിച്ചത്. വീട്ടിലെ അടുക്കളയോട് ചേർന്ന മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊല്ലം കല്ലടയാറ്റിലൂടെ 10 കിലോമീറ്ററിലധികം ഒഴുകിയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ശ്യാമളയമ്മയുടെ വാർത്ത മാദ്ധ്യമങ്ങളിലൂടെ ലോകമറിഞ്ഞിരുന്നു.
തിങ്കളാഴ്‌ച രാവിലെയാണ് സംഭവം. ശ്യാമളയമ്മയുടെ ഭർത്താവ് ഗോപിനാഥൻ ടാപ്പിംഗ് തൊഴിലാളിയാണ്. സംഭവസമയം ഇയാൾ വീട്ടിലില്ലായിരുന്നു. സമീപത്തെ കടയിൽ പോയിരുന്ന മകൻ മനോജ് കുമാർ മടങ്ങിയെത്തിയപ്പോഴാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി വീട്ടുവളപ്പിൽ സംസ്കരിച്ചു.
മരണകാരണം വ്യക്തമല്ല. ഈ വർഷം മെയ് മാസത്തിലാണ് ശ്യാമളയമ്മ കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ടത്. താഴത്തുകുളക്കട പരമേശ്വരത്ത് കടവിൽ തുണി അലക്കാനായി പോയതാണ് ശ്യാമളയമ്മ. കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. മഴയിൽ ജലനിരപ്പുയർന്ന നദിയിൽ ഒഴുക്കിൽപ്പെട്ട് 10 കിലോമീറ്ററിലധികം സഞ്ചരിച്ചു.
ചെട്ടിയാരഴികത്തുകടവ്, പുത്തൂർ പാലം, ഞാങ്കടവ് പാലങ്ങൾ പിന്നിട്ട് ഒഴുകിപ്പോയ ഇവരെ ചെറുപൊയ്ക മംഗലശേരി കടവിന് സമീപത്തുവച്ച് നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. ആഴമേറിയ കയം സ്ഥിതി ചെയ്യുന്ന ഉരുളുമല എന്ന ഭാഗത്താണ് ശ്യാമളയമ്മ വള്ളിയിൽ തങ്ങി നിന്നത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന സ്ത്രീയുടെ വീഡിയോകളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിലടക്കം പ്രചരിച്ചിരുന്നു.