ന്യൂഡൽഹി: സ്ഥാനഭൃഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് ഇടക്കാല സർക്കാർ ഇന്ത്യയ്‌ക്ക് നയതന്ത്രക്കുറിപ്പ് അയച്ചു. കോടതി വിചാരണയ്‌ക്കായി ഹസീനയെ തിരികെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യക്ക് നല്‍കിയ നയതന്ത്രക്കുറിപ്പ് പറയുന്നു. എന്നാൽ ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഇതാദ്യമായാണ് ഹസീനയെ വിട്ടുകിട്ടണമെന്ന് ബംഗ്ലാദേശ് ഔദ്യോഗികമായി ആവശ്യപ്പെടുന്നത്. വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ മറവിൽ മതമൗലികവാദികൾ കലാപം അഴിച്ച് വിട്ടതിനെ തുടർന്ന് ഓഗസ്റ്റിലാണ് 77 കാരിയായ ഹസീന ഇന്ത്യയിൽ അഭയം തേടിയത്. ഇതിന് പിന്നാലെ ഹസീനയ്‌ക്കും മന്ത്രിമാർക്കും ഉപദേഷ്ടാക്കൾക്കും എതിരെ “മനുഷ്യത്വത്തിനും വംശഹത്യക്കും എതിരായ കുറ്റകൃത്യങ്ങൾ” ചുമത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. രാജ്യം വിട്ടതിന് പിന്നാലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഹസീനയ്‌ക്കെതിരെ 51 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ജുഡീഷ്യൽ നടപടിക്രമങ്ങൾക്കായി ഹസീനയെ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ സർക്കാരിന് നയതന്ത്ര സന്ദേശം അയച്ചതായി ഇടക്കാല സർക്കാരിലെ ഉപദേഷ്ടാവ് തൗഹീദ് ഹുസൈൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കുറ്റവാളികളുടെ കൈമാറ്റം സംബന്ധിച്ച കരാർ ഇരു രാജ്യങ്ങളും തമ്മിൽ നിലവിലുണ്ടെന്നും ഹസീനയെ ബംഗ്ലാദേശിലേക്ക് തിരികെ കൊണ്ടുവരുമെന്നും ആഭ്യന്തര ഉപദേഷ്ടാവ് ജഹാംഗീർ ആലം പറഞ്ഞു. ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടാൻ ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
2013-ലാണ് ഇരു രാജ്യങ്ങളും തമ്മിൽ കുറ്റവാളികളുടെ കൈമാറാനുള്ള ധാരണയിൽ ഒപ്പുവെച്ചത്. എന്നാൽ കുറ്റകൃത്യം രാഷ്‌ട്രീയ സ്വഭാവമുള്ളതാണെങ്കിൽ ആവശ്യം നിരസിക്കാമെന്നും ഉടമ്പടി പറയുന്നു. ഹസീനയെ കൈമാറണമെന്ന ആവശ്യം നയതന്ത്ര ബന്ധം കൂടുതൽ വഷളാക്കാനാണ് സാധ്യത.