ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി ദേശീയ അദ്ധ്യക്ഷനുമായ ജെ.പി നദ ക്രിസ്മസിനോടനുബന്ധിച്ച് സിബിസിഐ ആസ്ഥാനം സന്ദർശിച്ചു. ബിജെപി എംപി ബാൻസൂരി സ്വരാജ്, കമാൽജീത് ഷെഹ്രാവത്ത്, ഡൽഹി ബിജെപി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ, ദേശീയ സെക്രട്ടറിയും വക്താവുമായ അനിൽ കെ. ആന്റണി, വക്താവ് ടോം വടക്കൻ എന്നിവരും നദ്ദയെ അനുഗമിച്ചു. കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ ആസ്ഥാനവും സേക്രട്ട് ഹാർട്ട് കത്തീഡ്രലും സംഘം സന്ദർശിച്ചു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി സിബിസിഐ ആസ്ഥാനം സന്ദർശിച്ചിരുന്നു. അവിടുത്തെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത നരേന്ദ്രമോദി ചടങ്ങിനെ അഭിസംബോധന ചെയ്തു. യേശുക്രിസ്തുവിന്റെ സന്ദേശവും ഇന്ത്യയുടെ ആദർശവും ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ പലയിടത്തും ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ വേദനയുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ജർമനിയിലെ ക്രിസ്മസ് മാർക്കറ്റ് ആക്രമണവും ശ്രീലങ്കയിലെ ഈസ്റ്റർദിന ഭീകരാക്രമണവും പരാമർശിച്ചിരുന്നു.