ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യ തകർച്ചയുടെ വക്കിൽ. രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എന്ന നിലയിലാണ് സന്ദർശകർ. ഇപ്പോഴും 310 റൺസ് പിന്നിൽ. ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്ക് ഓപ്പണിംഗിൽ ഇറങ്ങിയിട്ടും രക്ഷയുണ്ടായിരുന്നില്ല. മൂന്ന് റൺസിന് പുറത്തായി. യശസ്വി ജയ്സ്വാളും(82), വിരാട് (36) കോലിയും ചേർന്ന് 102 റൺസിന്റെ കൂട്ടുകെട്ടുയർത്തി ഇന്ത്യ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും
ജയ്സ്വാളിന്റെ അനാവശ്യ റണ്ണൗട്ട് തിരിച്ചടിയായി. തൊട്ടു പിന്നാലെ കോലിയും തനത് ശൈലിയിൽ പുറത്തായി. ബോളണ്ടിനായിരുന്നു വിക്കറ്റ്. അതേസമയം ഇന്ന് മത്സരം പുനരാരംഭിച്ചപ്പോൾ സ്മിത്തിന്റെ 34-ാം ശതകമാണ് ഓസ്ട്രേലിയൻ ട്ടോട്ടലിന് കരുത്തായത്. 311/6 എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ ഇന്ന് 163 റൺസ് കൂടി കൂട്ടിച്ചേർത്തിട്ടാണ് പുറത്തായത്.
ജസ്പ്രീത് ബുമ്ര നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ജഡേജയ്‌ക്ക് മൂന്ന് വിക്കറ്റ് നേടി. ആകാശ് ദീപിന് രണ്ടുവിക്കറ്റും ലഭിച്ചു. സ്കോർ, ഓസ്ട്രേലിയ: 474/10, സ്റ്റീവൻ സ്മിത്ത് (140), മാർനസ് ലബുഷെയ്ൻ(72), സാം കോൺസ്റ്റസ്(60). ഇന്ത്യ; 164/5 , യശസ്വി ജയ്സ്വാൾ(82), വിരാട് കോലി(36), പാറ്റ് കമിൻസും സ്കോട്ട് ബോളണ്ടും രണ്ടുവീതം വിക്കറ്റ് വീഴ്‌ത്തി.