ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ടൂർണമെന്റിന്റെ താരമായ ജസ്പ്രീത് ബുമ്ര അഞ്ചു മത്സരത്തിൽ 151.2 ഓവറാണ് എറിഞ്ഞത്. 908 പന്തുകളിൽ 32 വിക്കറ്റും നേടി. എന്നിട്ടും ബോർഡർ-ഗവാസ്കർ ട്രോഫി ഓസ്ട്രേലിയ വീണ്ടെടുത്തു. ഇതിനിടെ ജസ്പ്രീത് ബുമ്രയെയും ഇന്ത്യയുടെ വർക്ക് ലോഡ് മാനേജ്മെന്റിനെയും രൂക്ഷമായി വിമർശിക്കുകയാണ് മുൻതാരം ബൽവീന്ദർ സന്ദു. ഒരു ടെസ്റ്റ് മത്സരത്തിൽ 15-20 വരെ ഓവർ എറിയുന്നത് ഒരു വെല്ലുവിളിയേ അല്ലെന്നും. അതിന് പറ്റിയില്ലെങ്കിൽ വല്ല ടി20യും കളിച്ച് കരിയർ അവസാനിപ്പിക്കണമെന്നും സന്ദു തുറന്നടിച്ചു.
എന്ത് ജോലിഭാരം, എന്ത്ര ഓവർ അവൻ എറിഞ്ഞു. 150 മറ്റോ, അല്ലെ? പക്ഷേ എത്ര മത്സരങ്ങൾ എത്ര ഇന്നിംഗ്സ്, അഞ്ചു മത്സരങ്ങളും 9 ഇന്നിംഗ്സും അല്ലെ. ഒരു ഇന്നിംഗ്സിൽ 16 ഓവർ, ഒരു മത്സരത്തിൽ 30 ഓവർ. അവൻ 15 ഓവർ എറിഞ്ഞത് ഒറ്റയടിക്കല്ല. ഓരോ സ്പെല്ലുകളിലാണ്. അതൊരു വലിയ കാര്യമാണോ. ജോലിഭാരം നിയന്ത്രിക്കൽ പരിഹാസ്യമാണ്. അത് ഓസ്ട്രേലിയക്കാരാണ് കൊണ്ടുവന്നത്. ഇതിൽ ഒരു കാര്യവുമില്ല. എനിക്കത് അംഗീകരിക്കാനാകില്ല. ഞാൻ വരുന്നത് ശരീരം പറയുന്നത് കേൾക്കുന്ന ക്രിക്കർമാർ കളിച്ചിരുന്ന നിരയിൽ നിന്നാണ്.
ഒരു ബൗളർക്ക് ഒരു ഇന്നിംഗ്സിൽ 20 ഓവർ എറിയാൻ സാധിച്ചില്ലെങ്കിൽ ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് മറക്കുക. അതിന് കഴിഞ്ഞില്ലെങ്കിൽ ടി20 കളിച്ച് കരിയർ അവസാനിപ്പിക്കാം. നാലോവർ എറിഞ്ഞാൽ മതിയല്ലോ? അതുപോലും മൂന്ന് സ്പെല്ലിലാണ് എറിയുന്നത്. നമ്മളൊക്കെ കളിക്കുമ്പോൾ 25-30 ഓവർ വരെ ഒരു ദിവസം എറിഞ്ഞിട്ടുണ്ട്.—- സന്ദു പറഞ്ഞു.