കഴിഞ്ഞ ദിവസമായിരുന്നു ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചത്. 12.30ന് നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനം തുടങ്ങിയത് വൈകിട്ട് മൂന്നിനായിരുന്നു. ഇതിനിടെ തന്നെ ചർച്ചയിൽ വലിയ വാഗ്വാദങ്ങൾ നടന്നുവെന്ന വാർത്തകളും പരന്നു. പരിശീലകൻ ഗംഭീർ ഒരു വശത്തും ക്യാപ്റ്റൻ രോഹിത്തും മുഖ്യ സെലക്ടർ അഗാർക്കറും മറുവശത്തും നിലയുറപ്പിച്ചതായിരുന്നു തർക്കങ്ങൾക്ക് വഴിവച്ചത്. ഇതാണ് പ്രഖ്യാപനം വൈകാൻ കാരണമായത്.
വൈസ് ക്യാപ്റ്റൻ ഗില്ലിന്റെ കാര്യത്തിലായിരുന്നു ആദ്യമായി ചർച്ചകളുണ്ടായത്. ശുഭ്മാൻ ഗില്ലിന് പകരം ഹാർദിക്കിനെ ഉപനായകനാക്കണമെന്ന് ഗംഭീർ വാദിച്ചെങ്കിലും ഗില്ലിനൊപ്പം നിൽക്കുകയായിരുന്നു അഗാർക്കറും രോഹിത് ശർമയും. ഹാർദിക്കിന്റെ പരിചയസമ്പത്ത് പരിഗണിക്കണമെന്ന് ഗംഭീർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രോഹിത്തും അഗാർക്കറും ഇത് തള്ളുകയായിരുന്നു.
പിന്നീട് വിക്കറ്റ് കീപ്പറുടെ പേരിലാണ് തർക്കങ്ങളുണ്ടായത്. ഗംഭീർ സഞ്ജുവിനായി ഉറച്ച് നിന്നുവെങ്കിലും രോഹിത് ശർമയും അഗാർക്കറും പന്തിനെ പിന്തുണച്ചു. പന്തിനെയല്ലാതെ ആരെയും ഒന്നാം വിക്കറ്റ് കീപ്പറാക്കില്ലെന്ന് ഇരുവരും നിലപാടെടുത്തു. ഇതോടെയാണ് തർക്കങ്ങൾ രൂക്ഷമായത്. ഗംഭീറിന്റെ ആവശ്യങ്ങൾ പരിഗണിക്കാതെയാണ് ഏകദിന ടീമുകളുടെ സെലക്ഷൻ നടന്നതെന്നാണ് വിവരം. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.