ന്യൂഡൽഹി: ഇന്ത്യൻ മിസൈലുകളിൽ നിന്നും രക്ഷപ്പെടാൻ പാകിസ്ഥാൻ, യുദ്ധക്കപ്പലുകൾ ഒളിപ്പിച്ചത് ഇറാൻ അതിർത്തിക്ക് സമീപം. ഇറാനിയൻ അതിർത്തിയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഗ്വാദറിന്റെ പടിഞ്ഞാറൻ തുറമുഖത്തെ വാണിജ്യ ടെർമിനലുകളിലാണ് ഇവ നങ്കൂരമിട്ടത്.
ഇന്ത്യാ ടുഡേയുടെ ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് (ഒസിഐഎൻടി) സംഘമാണ് ഓപ്പറേഷൻ സിന്ദൂർ ദിനങ്ങളിലെ കറാച്ചി, ഗ്വാദർ തുറമുഖങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടത്.മെയ് 8 ലെ കറാച്ചി തുറമുഖത്തിന്റെ ഉപഗ്രഹ ചിത്രത്തിൽ പാക് നാവികസേനയുടെ യുദ്ധക്കപ്പലുകൾ വാണിജ്യ തുറമുഖത്തും കണ്ടെയ്നർ ടെർമിനലിലും നങ്കൂരമിട്ടിരിക്കുന്നതായി കാണാം.
ഓപ്പറേഷൻ സിന്ദൂരിന് വെറും ആറ് മാസം മുമ്പ് പാക് നാവികസേനയുടെ ഭാഗമായ ചൈനീസ് നിർമ്മിത സുൽഫിക്കർ-ക്ലാസ് (F-22P) ഫ്രിഗേറ്റും ഇക്കൂട്ടത്തിലുണ്ട്. രണ്ട് സുൾഫിക്കർ-ക്ലാസ് ഫ്രിഗേറ്റുകൾ, രണ്ട് വലിയ തുഗ്രിൽ-ക്ലാസ് ഫ്രിഗേറ്റുകൾ, നാവികസേനയുടെ ഏക യുഎസ് നിർമ്മിത ഒലിവർ ഹസാർഡ് പെറി-ക്ലാസ് ഫ്രിഗേറ്റ്, എന്നിവയും ഇവിടെ അടുപ്പിച്ചിട്ടുണ്ട്. കറാച്ചിയെ ആക്രമിക്കാൻ പൂർണ്ണ സജ്ജരാണെന്ന് വൈസ് അഡ്മിറൽ എ.എൻ. പ്രമോദ് വ്യക്തമാക്കിയിരുന്നു. അതേസമയത്താണ് പേടി ഒളിച്ചിരിക്കുന്ന പാക് നാവിക സേനയുടെ ദൃശ്യങ്ങൾക്ക് പുറത്ത് വന്നത്.















