കൊല്ലം: യുവ സൈനികന്റെ മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി അമ്മ ഡെയ്സി മോൾ. 2024 ഒക്ടോബർ 11 നാണ് കുണ്ടറ മുളവന സ്വദേശിയായ തോംസൺ തങ്കച്ചനെ പൊലീസ് പിടിച്ചു കൊണ്ടുപോയത്. ഭാര്യ വീട്ടുകാർ നൽകിയ പരാതിയിലായിരുന്നു നടപടി. കുണ്ടറ പൊലീസ് സ്റ്റേഷനിൽ വച്ച് ഭീകരമായ മർദ്ദനത്തിന് ഇരയായ സൈനികൻ ആരോഗ്യം ക്ഷയിച്ച് ഡിസംബർ 27നാണ് മരിച്ചത്.
പരാതി നൽകിയാൽ ജോലി ഇല്ലാതാക്കും എന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി മരണത്തിന് മുമ്പ് മകൻ പറഞ്ഞിരുന്നതായി അമ്മ പറഞ്ഞു. രാത്രി 11 മണിക്കാണ് മകനെ കുണ്ടറ പൊലീസ് പിടിച്ചു കൊണ്ടു പോയത്. പിന്നീട് കുണ്ടറ താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്‌ക്ക് വിധേയമാക്കുമ്പോൾ കയ്യിലും തലയിലും മുറിവുണ്ടായിരുന്നു. മുഖത്ത് നീരുവച്ചിരുന്നു. എന്നാൽ ഇത്രയും പാടുകളും മുറിവുകളും ഉണ്ടായിട്ടും ചികിത്സ നൽകിയില്ല. ഇതെല്ലാം എഴുതിയ വൂണ്ട് സർട്ടിഫിക്കറ്റിൽ ലഭിച്ചിട്ടുണ്ടെന്ന് ഡെയ്സി മോൾ പറഞ്ഞു.
തന്നെ ഉപദ്രവിച്ച ഓരോ ഉദ്യോഗസ്ഥന്റെ പേരും സ്ഥാനവും അടക്കം മകൻ അമ്മയോട് പറഞ്ഞിരുന്നു. കയ്യും കാലും കെട്ടി തൂക്കിയിട്ട് അംബരീഷ് എന്ന ഉദ്യോഗസ്ഥനാണ് മകനെ ലാത്തികൊണ്ടടിച്ചത്. എസ്ഐ ഇടിയൻ പ്രദീപ് തോക്കിന്റെ ചുവടുവെച്ചാണ് മകന്റെ പുറകുവശത്ത് രണ്ടു ഭാഗത്തും അടിച്ചത്. ഇനി പട്ടാളത്തിന്റെ ബെൽറ്റ് കെട്ടത്തില്ലടാ എന്നു പറഞ്ഞായിരുന്നു മർദ്ദനം. സിഐ അനിൽകുമാർ തലയ്‌ക്ക് ലാത്തി വച്ചാണ് അടിക്കുകയും മെഴുകുതിരി വച്ച് കാലിന്റെ വെള്ളയിൽ പൊള്ളിക്കുകയും ചെയ്തു. ഇലക്ട്രിക് വയർ കാലിൽ വെച്ച് ഷോക്കടിപ്പിച്ചെന്നും അമ്മ കണ്ണിരോടെ പറഞ്ഞു.
മകന്റെ മരണത്തിന് പിന്നാലെ കുണ്ടറ പൊലീസ് സ്റ്റേഷനിലെ ക്രിമിനലുകൾക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് മുതൽ ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് വരെ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഹൈക്കോടതിയിൽ വരെയെത്തി നിൽക്കുകയാണ് അമ്മയുടെ പോരാട്ടം. ഒടുവിൽ കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ഡിഐജിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം നടത്താനോ റിപ്പോർട്ട് സമർപ്പിക്കാനോ പൊലീസ് തയ്യാറായിട്ടില്ല. നിലവിൽ കുണ്ടറ പൊലീസ് സ്റ്റേഷനിലെ ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കാൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരിക്കുകയാണ് ഡെയ്സി മോൾ. തന്റെ കയ്യിലുള്ള മുഴുവൻ സമ്പാദ്യവും വിറ്റും പെറുക്കായാണെങ്കിലും മകന് നീതി ഉറപ്പാക്കുമെന്ന് ഡെയ്സി മോൾ പറഞ്ഞു.















