കോട്ടയം: വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് മദ്യലഹരിയിൽ യുവാവ് കാറാേടിച്ചുകയറ്റി. വെള്ളിയാഴ്ച രാത്രി കോട്ടയം കറുകച്ചാൽ പനയമ്പാലയിലാണ് സംഭവം.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി പ്രിനോ ഫിലിപ്പാണ് കാറോടിച്ചത്.
റോഡരികിലാണ് വയോധികയുടെ വീട് സ്ഥിതി ചെയ്യുന്നത്. പതിനൊന്നരയോടെ അമിതവേഗത്തിലെത്തിയ കാർ ഗേറ്റ് ഇടിച്ചുതകർത്ത് വീട്ടിൽ ഇടിച്ചുനിൽക്കുകയായിരുന്നു.
സമീപവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രിനോ ഫിലിപ്പിനെ കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.
ഇയാളുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടി ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.















