ആലപ്പുഴ: ആറ് മാസം പ്രായമായ കുഞ്ഞ് ആനയുടെ കാലിനരികിൽ വീണ സംഭവത്തിൽ കുട്ടിയുടെ പിതാവും താത്കാലിക പാപ്പാനുമായ അഭിലാഷ് പിടിയിൽ. കേസിൽ ഒന്നാം പ്രതി ജിതിൻ രാജിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിൽ ജിതിനെതിരെയും രണ്ടാം പാപ്പാൻ അഭിലാഷിനുമെതിരെ കേസ് എടുത്തിരുന്നു.മൃഗങ്ങളെ ഉപയോഗിച്ചുള്ള ആക്രമണം, ജീവഹാനിക്കിടയാക്കുന്ന പ്രവർത്തനം എന്നീ വകുപ്പുകൾ ചേർത്തു. ജുവനൈൽ ജസ്റ്റിസ് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഹരിപ്പാട് സ്കന്ദൻ എന്ന ആനയുടെ കാൽക്കൽ ആറ് മാസം പ്രായമുള്ള കുട്ടി വീഴുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഭയം മാറാനും ഭാഗ്യം വരാനുമായി കുഞ്ഞുമായി ഇയാള്‍ ആനയുടെ അടിയിലൂടെ കടന്നുപോകുകയും പിന്നാലെ ആനയുടെ കൊമ്പില്‍ കുഞ്ഞിനെ ഇരുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെയാണ് കുഞ്ഞ് താഴെ വീഴുകയായിരുന്നു. പെട്ടെന്ന് സമീപമുണ്ടായിരുന്ന ആളാണ് കുഞ്ഞിനെ നിലത്തുനിന്ന് എടുക്കുന്നത്.
ഹരിപ്പാട് സ്കന്ദൻ എന്ന ഈ ആന രണ്ടര മാസം മുന്‍പ് പാപ്പാനെ കുത്തിക്കൊന്നതാണ്. ഈ ആനയ്‌ക്ക് സമീപമാണ് ഇയാള്‍ സാഹസം കാണിച്ചത്. ആനയെ ഇയാൾ മദ്യലഹരിയിൽ മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ആനയുടെ മുന്‍കാലുകളില്‍ തുടര്‍ച്ചയായി തല്ലുന്നതാണ് വീഡിയോയിലുള്ളത്.
ഹരിപ്പാട് ക്ഷേത്രത്തോടു ചേർന്നുള്ള ദേവസ്വം ബോർഡിന്റെ ആനത്തറയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. കുഞ്ഞിന്റെ ചോറൂണ് ചടങ്ങിനായാണ് അഭിലാഷ് ക്ഷേത്രത്തിലെത്തിയത്. ചടങ്ങിനുശേഷം കുട്ടിയെ ആനയ്‌ക്കരികിലെത്തിച്ചു.















