കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിൾ ബെഞ്ച് ഉത്തരവിലെ വിധി ന്യായത്തിൽ ഗുരുതര പിശകുണ്ടെന്ന് നിരീക്ഷിച്ച ഡിവിഷൻ ബെഞ്ച് ഡയറക്ടർമാരുടെ നിലവിലുള്ള പദവി തുടരാം എന്നും വിധിച്ചു. എന്നാൽ ഈ ഉത്തരവ് അന്തിമ വിധിയല്ലെന്ന് കോടതി വ്യക്തമാക്കി.കേസ് വിശദമായ വാദം കേൾക്കാൻ മാറ്റി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.
കമ്പനി നിയമത്തിന്റെ ലംഘനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്, വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അയോഗ്യരാക്കിയത്. എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, എസ്എന്‍ഡിപി യോഗം പ്രസിഡന്റ് എംഎന്‍ സോമന്‍, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവരെയാണ് ഭാരവാഹിത്വത്തില്‍ നിന്നും സിംഗിള്‍ ബെഞ്ച് അയോഗ്യരാക്കിയത്.
എസ്എൻഡിപി യോഗത്തിന്റെ താത്ക്കാലിക ചുമതലക്കായി ഡയറക്ടർമാരെ നിയമിക്കാനും കോടതി സർക്കാറിന് നിർദേശം നൽകിയിരുന്നു. എസ്എൻഡിപി യോഗത്തിന്റെ ഭരണം അഡ്മിനിസ്‌ട്രേറ്ററെയോ റിസീവറെയോ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് അന്തരിച്ച എഴുത്തുകാരൻ എം.കെ സാനു ഉൾപ്പെടെ നൽകിയ ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ഈ ഉത്തരവാണ് സ്റ്റേ ചെയ്തിരിക്കുന്നത്.
സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധിക്ക് പുറത്തുള്ളതുമാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വാദം.
കേസില്‍ എതിര്‍കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. മൂന്നു മാസത്തിനകം മറുപടി സമര്‍പ്പിക്കാനാണ് നിര്‍ദേശം. ജൂണ്‍ 20 ന് അപ്പീലില്‍ വിശദമായ വാദം കേള്‍ക്കുമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.
വെള്ളാപ്പള്ളി നടേശനെതിരെയുള്ള ചില നിരീക്ഷണങ്ങളുംഅപ്പീല്‍ പരിഗണിക്കുന്ന വേളയിൽ ഹൈക്കോടതി നടത്തി. “എസ്എന്‍ഡിപിയോഗത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി വെള്ളാപ്പള്ളി നടേശന്‍ ഏഴുവര്‍ഷം വിളിച്ചു ചേര്‍ത്തില്ല. ഇനി ഇങ്ങനെ മുന്നോട്ടു പോകാനാകില്ല. മൂന്നു വര്‍ഷത്തെ റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ അയോഗ്യത സ്വാഭാവികമല്ലേ, സ്വാഭാവിക അയോഗ്യത പ്രകാരം 2020 മുതല്‍ ഡയറക്ടര്‍മാരായി തുടരാനാകില്ലല്ലോ?. 2026ലെ തെരഞ്ഞെടുപ്പിലല്ലേ മത്സരിക്കാനാകൂ”. കോടതി ചോദിച്ചു.















