ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന യുദ്ധസമാനമായ സാഹചര്യത്തിന് അറുതി വരുത്തിക്കൊണ്ട് അമേരിക്കയും ഇറാനും തമ്മില്‍ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിനെ ഭാരതം അഭിനന്ദിച്ചു. മേഖലയില്‍ ശാശ്വതമായ സമാധാനം പുനഃസ്ഥാപിക്കാന്‍ ഈ തീരുമാനം സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. സംഘര്‍ഷങ്ങള്‍ ലോകത്തിന്റെ സാമ്പത്തിക ഭദ്രതയെയും ഊര്‍ജ്ജ വിതരണത്തെയും ബാധിക്കുന്ന സാഹചര്യത്തില്‍, നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തണമെന്ന നിലപാടാണ് ഭാരതം തുടക്കം മുതല്‍ സ്വീകരിച്ചിട്ടുള്ളത്.
ചര്‍ച്ചകളിലൂടെയും നയതന്ത്ര നീക്കങ്ങളിലൂടെയും മാത്രമേ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ സാധിക്കൂ എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ലോകത്തെ എണ്ണ വിതരണത്തില്‍ നിര്‍ണ്ണായകമായ ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ ആഗോള വിപണിയില്‍ വലിയ ആഘാതമുണ്ടാക്കിയിരുന്നു. കടലിടുക്ക് വീണ്ടും തുറക്കാനുള്ള നീക്കം ആഗോള വ്യാപാരത്തിന് ആശ്വാസകരമാണ്. ഇറാന്‍ മുന്നോട്ടുവെച്ച പത്ത് നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമാണെന്ന് വിലയിരുത്തിക്കൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രണ്ടാഴ്ചത്തേക്ക് ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്.
ഹോര്‍മുസ് കടലിടുക്ക് പാത പൂര്‍ണ്ണമായും സുരക്ഷിതമായി തുറന്നുകൊടുക്കാന്‍ ഇറാന്‍ സമ്മതിച്ചതാണ് വെടിനിര്‍ത്തലിന് പ്രധാന കാരണമായത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകളും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തി. ഈ താത്കാലിക വെടിനിര്‍ത്തല്‍ പശ്ചിമേഷ്യയിലെ സാധാരണക്കാരുടെ ദുരിതം കുറയ്‌ക്കാനും വന്‍ ശക്തികള്‍ക്കിടയിലെ ശത്രുത കുറയ്‌ക്കാനുമുള്ള വലിയൊരു ചുവടുവെപ്പാണെന്ന് ഭാരതം നിരീക്ഷിച്ചു. അന്താരാഷ്‌ട്ര തലത്തിലുള്ള ഊര്‍ജ്ജ പ്രതിസന്ധിക്ക് ഇതിലൂടെ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.















