കൊച്ചി: വിവാഹവുമായി ബന്ധപ്പെട്ട് തനിക്കെതിരെ മധ്യപ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ തുടര്‍നടപടികള്‍ ഭയന്ന് കേരള പോലീസിന്റെ സുരക്ഷ തേടി വൈറല്‍ താരം. തനിക്ക് പ്രായപൂര്‍ത്തിയായെന്നും മധ്യപ്രദേശ് പോലീസിനെ ഉപയോഗിച്ച് തന്നെ ബലമായി നാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ആരോപിച്ചാണ് പെണ്‍കുട്ടി മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയത്.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന പരാതിയിലാണ് മധ്യപ്രദേശ് പോലീസ് കേസെടുത്തത്. ഇതിന്റെ ഭാഗമായി മൊഴി രേഖപ്പെടുത്താനാണ് പോലീസ് സംഘം കൊച്ചിയിലെത്തിയത്. എന്നാല്‍, ഈ കേസ് തന്നെയും ഭര്‍ത്താവിനെയും വേട്ടയാടാനുള്ള നീക്കമാണെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ഹൈക്കോടതി നിലവില്‍ പ്രതിയുടെ അറസ്റ്റ് തടഞ്ഞിട്ടുണ്ടെങ്കിലും മധ്യപ്രദേശ് പോലീസ് സംഘം നഗരത്തില്‍ തുടരുന്നത് തനിക്ക് വലിയ ആശങ്കയുണ്ടാക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.
മധ്യപ്രദേശില്‍ നിലനില്‍ക്കുന്ന കേസിന്റെ ഭാഗമായുള്ള മൊഴി രേഖപ്പെടുത്തല്‍ കൊച്ചിയില്‍ വെച്ച് തന്നെ നടക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ അറിയിച്ചു. കേരള പോലീസിന്റെ സാന്നിധ്യത്തിലായിരിക്കും വൈറല്‍ പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും മൊഴി എടുക്കുക. നിലവില്‍ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ മധ്യപ്രദേശ് പോലീസിന് മറ്റ് ബലപ്രയോഗങ്ങളിലേക്ക് കടക്കാനാകില്ലെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരും കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യങ്ങളും ചര്‍ച്ചയാകുന്ന ഈ വിഷയത്തില്‍, പെണ്‍കുട്ടിയുടെ പരാതിയില്‍ കേരള പോലീസ് എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്. തനിക്ക് 18 വയസ്സ് പൂര്‍ത്തിയായെന്ന് തെളിയിക്കുന്ന രേഖകള്‍ തന്റെ പക്കലുണ്ടെന്നാണ് പെണ്‍കുട്ടിയുടെ വാദം.















