മലക്കപ്പാറ: കേരള-തമിഴ്നാട് അതിര്‍ത്തി ഗ്രാമമായ മലക്കപ്പാറയെ നടുക്കി വീണ്ടും പുലി ആക്രമണം. ഷോളയാര്‍ ഡാമിന് സമീപം താമസിക്കുന്ന ഇന്‍സൈ അമ്മാള്‍ (70) ആണ് പുലിയുടെ ഇരയായത്. വീടിന് തൊട്ടടുത്തുനിന്നും കണ്ടെത്തിയ ഇവരുടെ മൃതദേഹം പുലി പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ വീടിന് പുറത്തേക്ക് ഇറങ്ങിയ സമയത്താണ് പുലിയുടെ ആക്രമണം ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്. കുറേ നേരമായിട്ടും വയോധികയെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ മൃതദേഹം കണ്ടെത്തിയത്.
തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ അവിടുത്തെ പോലീസും വനംവകുപ്പും സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആതിരപ്പള്ളി-മലക്കപ്പാറ റൂട്ടില്‍ പുലി ഇറങ്ങുന്നത് പതിവായതോടെ പ്രദേശവാസികള്‍ കടുത്ത ഭീതിയിലാണ്. വിനോദസഞ്ചാരികള്‍ ധാരാളമായി എത്തുന്ന പാതയാണിത്. പലതവണ പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്നും അനാസ്ഥയുണ്ടായതായി നാട്ടുകാര്‍ ആരോപിക്കുന്നു.
ജനവാസ മേഖലയില്‍ പുലി ഇറങ്ങി മനുഷ്യനെ ഭക്ഷിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികള്‍. സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയുടെ കാല്‍പ്പാടുകളും മറ്റും പരിശോധിച്ച് വരികയാണ്. നരഭോജിയായി മാറിയ പുലിയെ ഉടന്‍ പിടികൂടാന്‍ നടപടി വേണമെന്നും കാടുപിടിച്ചു കിടക്കുന്ന തോട്ടം മേഖലകള്‍ വെട്ടിത്തെളിക്കണമെന്നും ആവശ്യമുയര്‍ന്നു കഴിഞ്ഞു. സംഭവത്തെത്തുടര്‍ന്ന് മേഖലയില്‍ വനംവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.















