തിരുവനന്തപുരം: കേരളത്തില്‍ പുതിയ ഭരണകൂടം അധികാരമേല്‍ക്കുമ്പോള്‍ നടപ്പിലാക്കേണ്ട 13 ഇന രാഷ്‌ട്രീയ അജണ്ടകള്‍ പ്രഖ്യാപിച്ച് ബിജെപി. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് ഉടനടി സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആചാര സംരക്ഷണ പ്രക്ഷോഭകര്‍ക്കെതിരെയുള്ള കേസുകള്‍ റദ്ദാക്കണമെന്നുമാണ് പ്രധാന ആവശ്യം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശാണ് വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി നിലപാടുകള്‍ വ്യക്തമാക്കിയത്. ക്ഷേത്ര സ്വത്തുക്കളുടെ കൃത്യമായ ഓഡിറ്റിംഗ് ഉറപ്പാക്കുക, രാഷ്‌ട്രീയ പക്ഷഭേദമില്ലാത്ത ഭരണം കാഴ്ചവെക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബിജെപി ഉന്നയിക്കുന്നത്.
പ്രീണന രാഷ്‌ട്രീയത്തിന് പകരം എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കുന്ന സുതാര്യമായ ഭരണമാണെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ ഉറപ്പാക്കാന്‍ ഒപ്പം നില്‍ക്കുമെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു. ഒബിസി സംവരണത്തിന്റെ മറവില്‍ നടക്കുന്ന മതപരമായ സംവരണം പൂര്‍ണ്ണമായും നിര്‍ത്തലാക്കണം. സംവരണം എസ്സി, എസ്ടി, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം. തകര്‍ച്ച നേരിടുന്ന സംസ്ഥാന സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കണം. അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്ത് കടബാധ്യതകള്‍ തീര്‍ക്കാന്‍ നടപടി വേണം.
യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സ്വകാര്യ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കണം. ലഹരി മാഫിയയില്‍ നിന്നും തീവ്രവാദ സംഘടനകളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാനുള്ള കര്‍ശനമായ വിദ്യാഭ്യാസ നയം രൂപീകരിക്കണം. പിഎംശ്രീ, ആയുഷ്മാന്‍ ഭാരത്, പിഎം ആവാസ് യോജന തുടങ്ങിയ പാവപ്പെട്ടവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ കേരളത്തില്‍ കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സാധാരണക്കാരുടെ ചികിത്സ, വീട്, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കാന്‍ ഇത്തരം പദ്ധതികള്‍ അത്യാവശ്യമാണെന്ന് രാഷ്‌ട്രീയ പ്രമേയം ചൂണ്ടിക്കാട്ടുന്നു.
നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ നേടിയത് കേരളത്തില്‍ ഇടതു-വലതു മുന്നണികള്‍ക്ക് പകരമായി ബിജെപി ഒരു ശക്തമായ ‘മൂന്നാം ബദലായി’ മാറിയതിന്റെ തെളിവാണെന്ന് യോഗം വിലയിരുത്തി. ജനസംഖ്യാപരവും സാമ്പത്തികവുമായ അസമത്വങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെട്ടു.















