കണ്ണൂർ: പാപ്പിനിശ്ശേരിയിൽ സുഹൃത്തിന്റെ ചുറ്റിക ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രശാന്തൻ മരണപ്പെട്ടു. കഴിഞ്ഞ മാസം 18-നാണ് പഴഞ്ചിറ സ്വദേശി കെ.പി.ഫെഫീഖ് മരിച്ച പ്രശാന്തനെ ആക്രമിച്ചത്.
തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ പ്രശാന്തൻ ചികിത്സയിലിരിക്കേയാണ് മരിച്ചത്. പ്രശാന്തിനെ ആക്രമിച്ചതിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഷെഫീക്ക് ട്രെയിൻ തട്ടി മരണപ്പെട്ടിരുന്നു. പ്രശാന്തിന്റെ സംസ്കാരം ഇന്ന് നടക്കും.
സംഭവം നടന്ന ദിവസം ഷെഫീഖ് പ്രശാന്തിന്റെ വീട്ടിലെത്തിയിരുന്നു. തുടർന്ന് ഷെഫീഖിന് കുടിക്കാൻ വെള്ളമെടുക്കാനായി പ്രശാന്ത് വീടിനകത്തേക്ക് പോയപ്പോഴാണ് ആക്രമണം നടന്നത്. കയ്യിൽ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് പ്രശാന്തിന്റെ തലയ്‌ക്കടിക്കുകയായിരുന്നു.
തുടർന്ന് വീടിന് പുറത്തേക്കിറങ്ങിയ ഷെഫീഖ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ ഷെഫീഖ് മരിച്ചിരുന്നു. ഷെഫീഖും പ്രശാന്തും ഒരുമിച്ച് കട തുടങ്ങാൻ പദ്ധതിയിട്ടിരുന്നുവെന്ന് അന്ന് പ്രദേശവാസികൾ പറഞ്ഞിരുന്നു.















