ലണ്ടന്‍: ഈ സീസണൊടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകസ്ഥാനം ഒഴിയുന്ന പെപ് ഗാര്‍ഡിയോളയ്‌ക്ക് പകരക്കാരനായി ചെല്‍സിയുടെ മുന്‍ പരിശീലകന്‍ എന്‍സോ മാരെസ്‌ക എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ സമ്മറില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പുതിയ ബോസായി ചുമതലയേല്‍ക്കാന്‍ ഇറ്റാലിയന്‍ പരിശീലകനായ മാരെസ്‌കയുമായി ക്ലബ് അധികൃതര്‍ മൂന്ന് വര്‍ഷത്തെ കരാറില്‍ തത്വത്തില്‍ ധാരണയിലെത്തിയതായാണ് വിവരങ്ങള്‍.
വരാനിരിക്കുന്ന പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ അവസാന മത്സരത്തിന് ശേഷം ഗാര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റി വിടുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഇതിന് പിന്നാലെയാണ് എന്‍സോ എത്തുമെന്ന റിപ്പോര്‍ട്ടുകര്‍ പുറത്ത് വരുന്നത്.
എന്നാല്‍ ഗാര്‍ഡിയോളയുടെ വിടവാങ്ങലിനെക്കുറിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ഇതുവരെ ഔദ്യോഗികമായി യാതൊരു സ്ഥിരീകരണവും നല്‍കിയിട്ടില്ല. ഗാര്‍ഡിയോളയ്‌ക്ക് സിറ്റിയുമായി 2027 വരെ കരാറുണ്ടെന്നും അദ്ദേഹം തന്നെയായിരിക്കും ടീമിന്റെ പരിശീലകനായി തുടരുകയെന്നുമാണ് ക്ലബുമായി അടുത്ത വൃത്തങ്ങള്‍ ഇപ്പോഴും വ്യക്തമാക്കുന്നത്.
മാറ്റങ്ങള്‍ ഇങ്ങനെ എങ്കിലും, പെപ് ഗാര്‍ഡിയോള ക്ലബ് വിടുകയാണെങ്കില്‍ നേരിടേണ്ടി വരുന്ന സാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ട് സിറ്റി മാനേജ്മെന്റ് ആവശ്യമായ ഒരുക്കങ്ങള്‍ ആരംഭിച്ചതായാണ് വ്യക്തമാക്കുന്നത്. ഗാര്‍ഡിയോള ഒഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് എന്‍സോ മാരെസ്‌കയ്‌ക്കാണ്. മുന്‍പ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഗാര്‍ഡിയോളയുടെ സഹപരിശീലകനായി മാരെസ്‌ക സേവനമനുഷ്ഠിച്ചിട്ടുണ്ട്.















