ബ്യൂനസ് ഐറിസ്: കനത്ത പോരാട്ടങ്ങള്‍ക്കൊരുങ്ങുന്ന 2026 ഫിഫ ലോകകപ്പിനുള്ള തങ്ങളുടെ അന്തിമ പടയാളികളെ അര്‍ജന്റീന പ്രഖ്യാപിച്ചു. ലോകകപ്പ് നിലനിര്‍ത്തുക എന്ന കടുത്ത ലക്ഷ്യവുമായി ഇറങ്ങുന്ന പരിശീലകന്‍ ലയണല്‍ സ്‌കലോനി 26 അംഗ സംഘത്തെയാണ് തിരഞ്ഞെടുത്തത്. വലിയ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ, 2022-ല്‍ ഖത്തറില്‍ ചരിത്രം കുറിച്ച വിശ്വസ്തരായ സീനിയര്‍ താരങ്ങളില്‍ തന്നെയാണ് സ്‌കലോനി ഇത്തവണയും വിശ്വസിച്ചിരിക്കുന്നത്.
അര്‍ജന്റീനയുടെ കളിതന്ത്രങ്ങളുടെ ആണിക്കല്ല് 38-കാരനായ നായകന്‍ ലയണല്‍ മെസ്സി തന്നെയാണ്. കരിയറിലെ ആറാം ലോകകപ്പ് കളിക്കാനിറങ്ങുന്ന മെസ്സിക്ക് തന്നെയാണ് ഇത്തവണയും ടീമിനെ മുന്നില്‍ നിന്ന് നയിക്കാനുള്ള ചുമതല. കഴിഞ്ഞ തവണ ഫ്രാന്‍സിനെതിരായ കലാശപ്പോരാട്ടത്തില്‍ ഇരട്ടഗോളുകളോടെ തിളങ്ങി ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കിയ മെസ്സിയുടെ ഫിറ്റ്നസ് മാത്രമാണ് ഇപ്പോള്‍ ടീമിന്റെ ഏക ആശങ്ക.
മുന്നേറ്റ നിരയില്‍ മെസ്സിക്കൊപ്പം ജൂലിയന്‍ അല്‍വാരസ്, ലൗട്ടാറോ മാര്‍ട്ടിനസ് എന്നിവര്‍ തന്നെയാണ് പ്രധാന കരുത്ത്. തിയാഗോ അല്‍മാഡയും യുവതാരം നിക്കോളാസ് പാസും അറ്റാക്കിംഗിന് മൂര്‍ച്ച കൂട്ടാന്‍ ഒപ്പമുണ്ടാകും. എന്നാല്‍ മലയാളി ആരാധകര്‍ക്കടക്കം പ്രിയങ്കരനായ സ്റ്റാര്‍ സ്‌ട്രൈക്കര്‍ പൗലോ ഡിബാലയ്‌ക്ക് ഇത്തവണ സ്‌കലോനിയുടെ തന്ത്രങ്ങളില്‍ ഇടം കണ്ടെത്താനായില്ല എന്നത് ശ്രദ്ധേയമാണ്.
പരിചയസമ്പത്തും യുവത്വവും ഒത്തിണങ്ങിയതാണ് ഇത്തവണത്തെ അര്‍ജന്റീനയുടെ മിഡ്ഫീല്‍ഡ്. ഖത്തറില്‍ അര്‍ജന്റീനയുടെ എഞ്ചിനായി പ്രവര്‍ത്തിച്ച റോഡ്രിഗോ ഡിപോള്‍, എല്‍ ക്ലാസിക് താരം ലിയാന്‍ഡ്രോ പാരഡെസ് എന്നിവര്‍ക്കൊപ്പം എന്‍സോ ഫെര്‍ണാണ്ടസ്, അലക്‌സിസ് മക് അലിസ്റ്റര്‍, ജിയോവാനി ലോ സെല്‍സോ എന്നിവരും അണിനിരക്കുന്നു. യുവതാരം വാലന്റീന്‍ ബാര്‍കോയ്‌ക്കും മധ്യനിരയില്‍ അവസരം ലഭിച്ചിട്ടുണ്ട്. അതേസമയം, റയല്‍ മഡ്രിഡിന്റെ യുവ വാഗ്ദാനമായ ഫ്രാങ്കോ മസ്റ്റാന്റുവാനോയെ ടീമിലേക്ക് പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അന്തിമ സ്‌ക്വാഡില്‍ ഇടം നല്‍കിയില്ല.
പ്രതിരോധത്തില്‍ നിക്കോളാസ് ഒട്ടാമെന്‍ഡിയുടെ അനുഭവസമ്പത്തിനൊപ്പം ക്രിസ്റ്റിയന്‍ റൊമേറോ, ഗോണ്‍സാലോ മൊണ്‍ടിയേല്‍, ലിസാന്‍ഡ്രോ മാര്‍ട്ടീനസ് എന്നിവര്‍ കോട്ടകെട്ടും. ഗോള്‍വലയ്‌ക്ക് മുന്നില്‍ പതിവുപോലെ വിശ്വസ്തനായ എമിലിയാനോ മാര്‍ട്ടിനസ് തന്നെയാണ് ഒന്നാം ചോയ്‌സ്. ജെറോണിമോ റുള്ളി, ജുവാന്‍ മൂസ്സോ എന്നിവരാണ് ബാക്ക്-അപ്പ് ഗോള്‍കീപ്പര്‍മാര്‍. എമിലിയാനോയുടെ നേരിയ പരിക്ക് മാത്രമാണ് മാനേജ്മെന്റിനെ അല്പം അലട്ടുന്നത്.
വരാനിരിക്കുന്ന ലോകകപ്പില്‍ ഗ്രൂപ്പ് ‘ജെ’യിലാണ് അര്‍ജന്റീന മത്സരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാര്‍ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ വലിയ വെല്ലുവിളികള്‍ ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
അര്‍ജന്റീന ടീം
ഗോള്‍കീപ്പര്‍മാര്‍: എമിലിയാനോ മാര്‍ട്ടിനെസ്, ജെറോണിമോ റുള്ളി, ജുവാന്‍ മൂസ്സോ
പ്രതിരോധനിര: ലിയാന്‍ഡ്രോ ബാലേര്‍ഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ഗോണ്‍സാലോ മൊണ്ടിയല്‍, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, ക്രിസ്റ്റ്യന്‍ റൊമേറോ, നിക്കോളാസ് ഒട്ടാമെന്‍ഡി, ഫക്കൂണ്ടോ മെദീന, നവല്‍ മൊളീന
മധ്യനിര: ലിയാന്‍ഡ്രോ പാരഡെസ്, റോഡ്രിഗോ ഡി പോള്‍, വാലന്റൈന്‍ ബാര്‍ക്കോ, ജിയോവാനി ലോ സെല്‍സോ, എസക്വെല്‍ പാലാസിയോസ്, അലക്‌സിസ് മക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്
മുന്നേറ്റനിര: ജൂലിയന്‍ അല്‍വാരസ്, ലയണല്‍ മെസ്സി, നിക്കോളാസ് ഗോണ്‍സാലസ്, തിയാഗോ അല്‍മാഡ, ജൂലിയാനോ സിമിയോണി, നികോ പാസ്, ലൗട്ടാറോ മാര്‍ട്ടിനെസ്, ജോസ് മാനുവല്‍ ലോപസ്















