കള്ളിൽ രാസവസ്തു കലർത്തി വിൽപ്പന; ഒറ്റപ്പാലത്ത് അഞ്ച് കള്ളുഷാപ്പുകൾ പൂട്ടി, ലൈസൻസ് റദ്ദാക്കി എക്സൈസ്
പാലക്കാട്: മായംചേർത്ത കള്ള് വിറ്റതായി കണ്ടെത്തിയതിനെ തുടർന്ന് ഒറ്റപ്പാലത്തെ അഞ്ച് കള്ളുഷാപ്പുകളുടെ ലൈസൻസ് എക്സൈസ് വകുപ്പ് റദ്ദാക്കി. ‘ഓപ്പറേഷൻ തണ്ടർ’ന്റെ ഭാഗമായി നടത്തിയ വ്യാപക പരിശോധനയിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്.
ഈസ്റ്റ് ഒറ്റപ്പാലം, അരിയൂർ തൈക്കുമുറി, വീടാംപാറ, വരോട്, ചക്കരക്കുഴി എന്നിവിടങ്ങളിലെ കള്ളുഷാപ്പുകളാണ് അടച്ചുപൂട്ടിയത്. ലൈസൻസിയായ ഒറ്റപ്പാലം സ്വദേശി പവിത്ര, വിൽപനക്കാരൻ സായി ഗോപൻ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതായി എക്സൈസ് അധികൃതർ അറിയിച്ചു.
പരിശോധനയ്‌ക്കായി ഈസ്റ്റ് ഒറ്റപ്പാലം ഷാപ്പിൽ നിന്ന് ശേഖരിച്ച കള്ള് രാസപരിശോധനയ്‌ക്ക് അയച്ചപ്പോഴാണ് സോഡിയം ലോറിൽ സൾഫേറ്റ് (Sodium Lauryl Sulfate – SLS) എന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. ആരോഗ്യത്തിന് ഹാനികരമായ ഈ രാസവസ്തു കണ്ടെത്തിയതോടെയാണ് ഇതേ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിച്ചിരുന്ന മറ്റ് നാല് ഷാപ്പുകളുടെയും പ്രവർത്തനം എക്സൈസ് ഉടൻ നിർത്തിവെച്ചത്.
ചിറ്റൂർ മേഖലയിൽ കള്ളിന്റെ ഉൽപ്പാദനം കുറഞ്ഞിട്ടും വിൽപനയിൽ കുറവില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മറ്റ് ജില്ലകളിൽ നിന്നുള്ള എക്സൈസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി രഹസ്യ പരിശോധനകളും തുടരുകയാണ്.
തെക്കൻ കേരളത്തിലേക്ക് കൊണ്ടുപോകുന്ന കള്ള് പരിശോധിക്കുന്ന ആലത്തൂർ ചെക്ക്പോസ്റ്റിലും വടക്കൻ ജില്ലകളിലേക്ക് പോകുന്ന കള്ള് പരിശോധിക്കുന്ന പറളി കേന്ദ്രത്തിലും ദിവസേന സാമ്പിളുകൾ ശേഖരിച്ച് രാസപരിശോധനയ്‌ക്ക് അയക്കുന്നുണ്ട്. കൂടാതെ, അനധികൃത മായംചേർക്കൽ തടയുന്നതിനായി തെങ്ങിൻതോപ്പുകളിൽ രാത്രികാല പരിശോധനയും കൂടുതൽ കർശനമാക്കുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.















