മയാമി: ഫിലാഡല്‍ഫിയ യൂണിയനെതിരായ മത്സരത്തിനിടെ എതിരാളിയുടെ കഴുത്തില്‍ കൈവച്ച ലയണല്‍ മെസിക്കെതിരെ നടപടിയുമായി മേജര്‍ ലീഗ് സോക്കര്‍. മെസിക്ക് തുക വെളിപ്പെടുത്താത്ത പിഴയാണ് ലീഗ് അച്ചടക്ക സമിതി ചുമത്തിയത്. ബുധനാഴ്ച നടന്ന ഇന്റര്‍ മയാമി-ഫിലാഡല്‍ഫിയ മത്സരം 2-2ന് സമനിലയില്‍ അവസാനിച്ചിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിനിടെയാണ് മെസിയും ഫിലാഡല്‍ഫിയ താരമായ ക്വിന്‍ സള്ളിവനും തമ്മില്‍ വാക്കേറ്റമുണ്ടായത്. പന്ത് മറ്റൊരു ഭാഗത്ത് കളിച്ചുകൊണ്ടിരിക്കെ മധ്യവൃത്തത്തിന് സമീപം എത്തിയ മെസി സള്ളിവനെ നേരിടുകയായിരുന്നു.
ഹ്രസ്വമായ വാക്കുതര്‍ക്കത്തിന് പിന്നാലെ മെസി സള്ളിവന്റെ കഴുത്തിന്റെ പിന്‍ഭാഗത്ത് കൈകൊണ്ട് അടിക്കുന്ന രീതിയില്‍ പ്രതികരിച്ചു. തുടര്‍ന്ന് സള്ളിവനും മെസിയെ നേരിട്ട് അഭിമുഖീകരിച്ചു. സംഭവസമയത്ത് റഫറി ഫിലിപ് ദുജിച്ച് ഇരുവര്‍ക്കും പുറംതിരിഞ്ഞുനിന്നതിനാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടില്ല. പിന്നീട് എത്തിയ റഫറി താരങ്ങളെ വേര്‍പെടുത്തുകയായിരുന്നു. എതിരാളിയുടെ മുഖം, തല, കഴുത്ത് എന്നിവിടങ്ങളില്‍ കൈ പ്രയോഗിക്കുന്നത് സംബന്ധിച്ച ലീഗ് നയം ലംഘിച്ചതിനാണ് മെസിക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ങഘട അച്ചടക്ക സമിതി അറിയിച്ചു.
ഇന്റര്‍ മയാമി താരം ഇയാന്‍ ഫ്രേയ്‌ക്കും സമാനമായ നിയമലംഘനത്തിന് തുക വെളിപ്പെടുത്താത്ത പിഴ ചുമത്തി. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ നടന്ന മറ്റൊരു സംഘര്‍ഷത്തില്‍ ഫിലാഡല്‍ഫിയ താരമായ കാവന്‍ സള്ളിവനും മയാമിയുടെ ഇറ്റാലിയന്‍ മിഡ്ഫീല്‍ഡര്‍ യാനിക് ബ്രൈറ്റും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു. കാവന്‍ സള്ളിവന്‍, മെസിയുമായി ഏറ്റുമുട്ടിയ ക്വിന്‍ സള്ളിവന്റെ ഇളയ സഹോദരനും സഹതാരവുമാണ്.