ചെന്നൈ: തമിഴ്‌നാട്ടിൽ വനിതകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതി കൂടുതൽ വ്യാപകമാക്കുന്നു. ‘വെട്രി പയണം’ പദ്ധതിയുടെ ഭാഗമായാണ് കൂടുതൽ ബസ് സർവീസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്നത്. പദ്ധതി ഒക്ടോബർ 2 ഗാന്ധിജയന്തി മുതൽ പ്രാബല്യത്തിൽ വരും.
നിലവിൽ സൗജന്യ യാത്ര അനുവദിച്ചിരുന്ന സർവീസുകൾക്ക് പുറമെ, നഗര മേഖലകളിലെ എക്സ്പ്രസ്, ഡീലക്സ്, എൽ.എസ്.എസ് ബസുകളിലും വനിതകൾക്ക് ഇനി സൗജന്യമായി യാത്ര ചെയ്യാം. ജില്ലകൾക്കിടയിലുള്ള യാത്രയ്‌ക്ക് ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കും. ഇതിന് വരുമാന പരിധി ബാധകമല്ല.
വനിതകൾക്ക് പുറമെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. സൗജന്യ യാത്രയ്‌ക്ക് യാത്രയ്‌ക്ക് പരിധിയോ നിയന്ത്രണമോ ഉണ്ടായിരിക്കില്ല. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് തിരിച്ചറിയൽ രേഖ ഹാജരാക്കിയാൽ മതിയാകും. യാത്രക്കാരുടെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെയാണ് ആനുകൂല്യം ലഭ്യമാക്കുന്നത്.















