ബാഗ്ദാദ് : ഇറാഖിലെ അമേരിക്കൻ എംബസിയ്ക്ക് നേരെ റോക്കറ്റ് ആക്രമണം. റോക്കറ്റുകൾ ലക്ഷ്യം മാറി പതിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. വ്യാഴാഴ്ച രാവിലെയോടെയായിരുന്നു ആക്രമണം.
കിഴക്കൻ ബാഗ്ദാദ് മേഖലയിൽ നിന്നുമാണ് റോക്കറ്റുകൾ എത്തിയത്. രണ്ട് റോക്കറ്റുകളാണ് എംബസി ലക്ഷ്യമിട്ട് തൊടുത്തത്. എന്നാൽ ഇരു റോക്കറ്റുകളുടെയും ലക്ഷ്യം തെറ്റുകയായിരുന്നു.
ആദ്യ റോക്കറ്റ് ഗ്രീൻ സോണിലെ പാർക്കിംഗ് ഗ്രൗണ്ടിലും, രണ്ടാമത്തെ റോക്കറ്റ് അതിന് സമീപമുള്ള തുറസ്സായ സ്ഥലത്തുമാണ് പതിച്ചത്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. എംബസിയിലും സമീപ പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരിയിലും സമാനമായ രീതിയിൽ അമേരിക്കൻ എംബസിയ്ക്ക് നേരെ റോക്കറ്റ് ആക്രമണം നടന്നിരുന്നു. എന്നാൽ റോക്കറ്റുകൾ ലക്ഷ്യം മാറി പതിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം യുദ്ധ ദൗത്യവുമായി ബന്ധപ്പെട്ട കരാർ അമേരിക്കയും, ഇറാഖും ഔദ്യോഗികമായി അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
Comments