വിശാഖപട്ടണം : തെലങ്കാനയിൽ ബിജെപി നേതാവിന്റെ മൃതദേഹം കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ബിജെപി മുൻ ജില്ലാ അദ്ധ്യക്ഷൻ വി ശ്രീനിവാസ പ്രസാദിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മെഡക്ക് ജില്ലയിലാണ് സംഭവം.
ബുധനാഴ്ച പുലർച്ചെയോടെയാണ് ശ്രീനിവാസ പ്രസാദിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികളാണ് സംഭവം ആദ്യം അറിഞ്ഞത്. ആളൊഴിഞ്ഞ സ്ഥലത്ത് കത്തിയ നിലയിൽ കാർ കണ്ടതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ബിജെപി നേതാവാണെന്ന് കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പ്രദേശവാസികളിൽ നിന്നും മൊഴിയെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302ാം വകുപ്പ് ചേർത്താണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
Comments