ലക്‌നൗ:പശുക്കൾക്കായി പ്രത്യേക ആംബുലൻസ് സർവ്വീസ് ആരംഭിക്കുന്നു.ഉത്തർപ്രദേശ് സർക്കാരാണ് പുതിയ പദ്ധതിക്ക് പിന്നിൽ. ഗുരുതര രോഗങ്ങൾ കാരണം ബുദ്ധിമുട്ടുന്ന പശുക്കൾക്കായാണ് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക ആംബുലൻസ് സർവ്വീസ് ഒരുക്കുന്നുത്. ആദ്യ ഘട്ടത്തിൽ 515 ആംബുലൻസുകളാണ് പദ്ധതിക്കായി ഒരുക്കുന്നത്.
പശുക്കൾക്ക് ആംബുലൻസ് സർവ്വീസ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി ഉത്തർപ്രദേശ് മാറിയിരിക്കുകയാണെന്ന് ഉത്തർപ്രദേശ് ക്ഷീര വികസന,മൃഗസംരക്ഷണ മന്ത്രി നാരായൺ ചൗധരി വ്യക്തമാക്കി.112 എന്ന എമർജൻസി സർവ്വീസിന് സമാനമായിട്ടാണ് ആംബുലൻസ് സർവ്വീസ് സജ്ജീകരിച്ചിട്ടുള്ളതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
സഹായമാവശ്യപ്പെട്ട് 15-20 മിനിറ്റിനുള്ളിൽ തന്നെ വെറ്റിനെറി ഡോക്ടറും സഹായിയും എത്തുമെന്ന് മന്ത്രി അറിയിച്ചു. ആളുകളുടെ പരാതി സ്വീകരിക്കാൻ ലക്‌നൗവിൽ പ്രത്യേക കോൾ സെന്റർ സ്ഥാപിക്കും. ഡിസംബറോടെ പദ്ധതി ആരംഭിക്കും. ആദ്യ ഘട്ടത്തിൽ മഥുര ഉൾപ്പടെ സംസ്ഥാനത്ത് എട്ട് ജില്ലകളിലാണ് പദ്ധതിക്ക് തുടക്കമിടുകയെന്നും മന്ത്രി വ്യക്തമാക്കി.















