ഇംഫാൽ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം പൊടിപാറുകയാണ് മണിപ്പൂരിൽ. ഭരണകക്ഷിയായ ബിജെപിയും പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ്സും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനം ഈമാസം 27 ന് വിധിയെഴുതും. ആകെയുള്ള 60 നിയമസഭാ സീറ്റുകളിലേയ്‌ക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. പ്രചാരണം അവസാന ഘട്ടത്തിലേയ്‌ക്ക് കടന്നതോടെ ദേശീയ നേതാക്കളെ എത്തിച്ച് റാലികളും പദയാത്രകളും സംഘടിപ്പിക്കുന്ന തിരക്കിലാണ് പാർട്ടികൾ.
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേവ് ബിജെപി സ്ഥാനാർത്ഥികൾക്കുവേണ്ടി കഴിഞ്ഞ ദിവസം വിവിധ മണ്ഡലങ്ങളിൽ പ്രചാരണം നടത്തി. തലസ്ഥാനമായ ഇംഫാലിലും കുംബി മണ്ഡലിലും നടന്ന തിരഞ്ഞെടുപ്പ് റാലികളിലാണ് ത്രിപുര മുഖ്യമന്ത്രി പ്രസംഗിച്ചത്. സ്ത്രീകളടക്കമുള്ളവരുടെ വൻപങ്കാളിത്തം ഇരുറാലികളിലും പ്രകടമായിരുന്നു. മണിപ്പൂരിന്റെ വികസനക്കുതിപ്പ് തുടരുന്നതിന് ബിജെപി സർക്കാറിന് ഭരണതുടർച്ച നൽകണമെന്ന് ബിപ്ലബ് ദേവ് പ്രസംഗത്തിൽ അഭ്യർത്ഥിച്ചു. പ്രോട്ടോകോൾ ലംഘിച്ച് ത്രിപുര മുഖ്യമന്ത്രി ജനങ്ങൾക്കിടയിലേയ്‌ക്ക് എത്തി അഭിവാദ്യം ചെയ്തു.
കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, പ്രതിമ ബൗമിക്, സർബാനന്ദ സൊനെവാൾ തുടങ്ങിയവരും ഇന്ന് മണിപ്പൂരിൽ പ്രചരണ റാലികളിൽ പ്രസംഗിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
അടിസ്ഥാന സൗകര്യവികസത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിലുണ്ടായ വൻകുതിച്ച് ചാട്ടം ചൂണ്ടിക്കാട്ടിയാണ് ബിജെപി വോട്ടർമാരെ സമീപിക്കുന്നത്. ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് എവിടെയും കാണാൻ കഴിയില്ലെന്നും ഭരണതുടർച്ച ഉറപ്പെന്നും മുഖ്യമന്ത്രി ബിരേൻ സിംഗ് അവകാശപ്പെട്ടു. കോൺഗ്രസിന് പുറമെ വിവിധ പ്രാദേശിക പാർട്ടികളും തൃണമൂൽ കോൺഗ്രസും മത്സരരംഗത്തുണ്ട്.
Comments