ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേന്ദ്ര മന്ത്രി എത്തിയത് ബുള്ളറ്റിൽ. സൂപ്പർ ഹിറ്റ് ആക്ഷൻ ചിത്രമായ കെജിഎഫിലെ നായകൻ ഉപയോഗിച്ച റോയൽ എൻഫീൽഡിന്റെ യാഷ് മോഡൽ ബുള്ളറ്റുമായി എത്തി കേന്ദ്ര സ്‌പോർട്‌സ് യുവജനക്ഷേമ മന്ത്രി അനുരാഗ് ഠാക്കൂറാണ് യുപി ജനതയുടെ മനം കവർന്നത്. ബംഗളുരു സൗത്ത് എംപിയും യുവമോർച്ച അഖിലേന്ത്യാ അദ്ധ്യക്ഷനുമായ തേജസ്വി സൂര്യ കേന്ദ്രമന്ത്രി ഓടിച്ച ഇരുചക്രവാഹനത്തിന് പുറകിൽ ഇരുന്നു. നിരവധി യുവമോർച്ച പ്രവർത്തകരും ബൈക്കുകളിൽ നേതാക്കളെ അനുഗമിച്ചു.
റോഡിന് ഇരുവശങ്ങളിലുമായി നിലയുറപ്പിരുന്ന വോട്ടർമാരെ അഭിവാദ്യം ചെയ്താണ് റാലി നീങ്ങിയത്. ആറാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലാണ് രണ്ട് യുവനേതാക്കളും ബിജെപി സ്ഥാനാർത്ഥികൾക്കായി പ്രചാരണത്തിനെത്തിയത്. മാർച്ച് 3 ന് 57 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കും. 7 ന് നടക്കുന്ന അവസാനഘട്ട വോട്ടെടുപ്പിൽ 54 മണ്ഡലങ്ങൾ വിധിയെഴുതും. ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പരസ്യപ്രചാരണം നാളെ വൈകീട്ട് അവസാനിക്കും.
ദേശീയ നേതാക്കളെയും താരപ്രചാരകരെയും രംഗത്തിറക്കി കാടിളക്കിയുള്ള പ്രചാരണത്തിലാണ് രാഷ്‌ട്രീയ പാർട്ടികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ വിവിധ തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുത്തു.
വാരണായിൽ നടന്ന ബിജെപിയുടെ ബൂത്ത് പ്രസിഡന്റുമാരുടെ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. കാശി വിശ്വനാഥ ക്ഷേത്രത്തിൽ പൂജയും നടത്തിയാണ് നരേന്ദ്ര മോദി മടങ്ങിയത്. കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്ര, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരും പ്രചാരണത്തിൽ സജീവമാണ്. മാർച്ച് 10 നാണ് വോട്ടെണ്ണൽ.
Comments