തിരുവനന്തപുരം : കെ- റെയിൽ വിരുദ്ധ പ്രതിഷേധത്തിനിടെ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം. മംഗലപുരം പോലീസ് സ്റ്റേഷനിലെ സിപിഒ ഷബീറിനെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. സംഭവം വിവാദമായതോടെ തിരുവനന്തപുരം റൂറൽ എസ്പിയാണ് അന്വേഷണത്തിന് ഉത്തരവ് ഇട്ടത്.
സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയ്ക്കാണ് അന്വേഷണ ചുമതല. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് റൂറൽ എസ്പിയുടെ നിർദ്ദേശം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
പാർട്ടി കോൺഗ്രസ് അവസാനിച്ചതിന് പിന്നാലെ കെ-റെയിൽ സർവ്വേ കല്ലുകൾ സ്ഥാപിക്കുന്ന നടപടി സർക്കാർ പുന:രാരംഭിച്ചിരുന്നു. ഇതേ തുടർന്ന് തിരുവനന്തപുരത്തെ കരിച്ചാറയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് പോലീസുകാരൻ സമരക്കാരിൽ ഒരാളെ ചവിട്ടി വീഴ്ത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കാൻ ആരംഭിച്ചിരുന്നു. ഇതോടെയാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.
സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഷബീറിനെതിരെ നടപടി വേണമെന്ന് വി.ഡി സതീശൻ ആവശ്യപ്പെട്ടു. കോൺഗ്രസുകാരെ ബൂട്ടിട്ട് ചവിട്ടിയാൽ പ്രത്യാഘാതം വലുതായിരിക്കും. തന്റെ വാക്കുകൾ ഭീഷണിയായി തന്നെ കണക്കാക്കാമെന്നും വി.ഡി സതീശൻ മുന്നറിയിപ്പ് നൽകി.
Comments