തിരുവനന്തപുരം : ചോദ്യ പേപ്പറിനു പകരം ഉത്തര സൂചിക നൽകിയ ബി എസ് സി പരീക്ഷ കേരള സർവ്വകലാശാല റദ്ദാക്കി. പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർവ്വകലാശാല വൈസ് ചാൻസിലർ പരീക്ഷാ വിഭാഗത്തിന് നിർദ്ദേശം നൽകി. അതോടൊപ്പം കണ്ണൂർ, കേരള സർവ്വകലാശാലകളിലെ പരീക്ഷ വീഴ്ചകളിൽ ഗവർണർ വിശദീകരണം തേടിയിട്ടുണ്ട്.
സർവ്വകലാശാല ഈ വർഷം ഫെബ്രുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എസ്. സി ഇലക്ട്രോണിക്സ് പരീക്ഷയ്ക്കാണ് ചോദ്യപേപ്പറിന് പകരം വിദ്യാർത്ഥിക്ക് ഉത്തരസൂചിക നൽകിയത്. സിഗ്നൽസ് ആൻഡ് സിസ്റ്റംസ് എന്ന വിഷയം പരീക്ഷ എഴുതിയ വിദ്യാർത്ഥിക്കാണ് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക ലഭിച്ചത്. കൊറോണ ബാധിച്ച് പരീക്ഷയെഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥിയ്ക്ക് പിന്നീട് നടത്തിയ പരീക്ഷയിലാണ് ഗുരുതര വീഴ്ച .
മൂല്യനിർണയത്തിനായി പേപ്പർ അദ്ധ്യാപകന്റെ കൈകളിലെത്തിയപ്പോഴാണ് വീഴ്ച പുറത്താകുന്നത്. ഇതേ തുടർന്ന് കേരള സർവകലാശാല പരീക്ഷ റദ്ദാക്കി. പുതിയ പരീക്ഷ മെയ് മൂന്നിന് നടത്തും. അതോടൊപ്പം കണ്ണൂർ, കേരള സർവകലാശാലകളിലെ പരീക്ഷ വീഴ്ചകളിൽ ഗവർണർ വൈസ് ചാൻസിലർമാരോട് വിശദീകരണം തേടിയിട്ടുണ്ട്. കണ്ണൂർ സർവകലാശാല നടത്തിയ പരീക്ഷയ്ക്ക് മുൻ വർഷത്തെ ചോദ്യപേപ്പർ നൽകിയതും വിവാദമായിരുന്നു.
Comments