പാലക്കാട്: ധോണി വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർത്ഥിക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയാണ് തിരച്ചിൽ ആരംഭിച്ചിരിക്കുന്നത്. പത്തംഗ സംഘത്തിനൊപ്പം ധോണിയിലെത്തിയ അജിൻ എന്ന വിദ്യാർത്ഥിയെ ഇന്നലെയായിരുന്നു കാണാതായത്.
ട്രക്കിങ്ങിനിടെ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു. ഉച്ചയോടെയാണ് സംഘം ധോണി വെള്ളച്ചാട്ടത്തിന് സമീപം എത്തിയത്. അവധി ദിനമായതിനാൽ ധാരാളം സന്ദർശകരുണ്ടായിരുന്നു. തുടർന്ന് അജിനും സുഹൃത്തായ മറ്റൊരു യുവാവും വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗത്തേക്ക് കയറിപ്പോവുകയും അവിടെ നിന്നും അജിൻ വെള്ളച്ചാട്ടത്തിലേക്ക് വീഴുകയുമായിരുന്നു.
ചൂലന്നൂർ മണ്ണാരപ്പറ്റ വീട്ടിൽ ഇലക്ട്രീഷനായ സുരേഷിന്റെ മൂത്ത മകനാണ് അജിൻ. കോട്ടായി സർക്കാർ എച്ച്എസ്എസിൽ പ്ലസ് ടു പരീക്ഷയെഴുതി ഫലത്തിനായി കാത്തിരിക്കുകയായിരുന്നു. അപകടമുണ്ടായ ഇന്നലെ പോലീസും വനംവകുപ്പും ഫയർഫോഴ്സും തിരച്ചിൽ നടത്തിയെങ്കിലും അജിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് ഇന്ന് മുങ്ങൽ വിദഗ്ധരെ എത്തിച്ച് തിരച്ചിൽ പുനരാരംഭിച്ചത്.
Comments