കോടിക്കണക്കിന് വർഷങ്ങൾ മുൻപ് ദിനോസറുകൾക്കൊപ്പം ലോകം അടക്കിഭരിച്ചിരുന്ന ജീവിയുടെ ഫോസിൽ കണ്ടെത്തി ഗവേഷകർ. 66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് സമുദ്രം അടക്കി ഭരിച്ചിരുന്ന കടൽ രാക്ഷസൻ എന്നറിയപ്പെടുന്ന ജീവിയുടെ ഫോസിലാണ് കണ്ടെത്തിയിരിക്കുന്നത്. തലസ്സോടിറ്റാൻ അട്രോക്‌സ് എന്ന ഭീമൻ ജീവിയുടെ ഫോസിൽ മൊറോക്കോയിൽ നിന്നാണ് ലഭിച്ചത്. ഈ ജീവി അവസാനം കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും ഇതോടൊപ്പം കണ്ടെത്തിയിട്ടുണ്ട്.
66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, ക്രിറ്റേഷ്യസ് കാലഘട്ടത്തിന്റെ അവസാനത്തിൽ, കടൽ രാക്ഷസന്മാർ ജീവിച്ചിരുന്നു. ദിനോസറുകൾ കരയിൽ വാഴുമ്പോൾ, സമുദ്രങ്ങൾ ഭരിച്ചത് ഭീമാകാരന്മാരായ സമുദ്ര ജീവികളായിരുന്നുവെന്ന് ബാത്ത് സർവകലാശാല പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
അഞ്ചടി നീളത്തിൽ തലയുള്ള ഈ ജീവി 30 അടിവരെ വളരുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. തലസ്സോടിറ്റാൻ അതിശയകരവും ഭയപ്പെടുത്തുന്നതുമായ ഒരു മൃഗമായിരുന്നുവെന്ന് ബാത്ത് സർവകലാശാലയിലെ സീനിയർ ലക്ചററും ഫോസിൽ കണ്ടെത്തിയെന്ന് പ്രസിദ്ധീകരിച്ച പഠനത്തിന്റെ രചയിതാവുമായ ഡോ. നിക്ക് ലോങ്ഗ്രിച്ച് പറഞ്ഞു.
കണവ പോലുള്ള മത്സ്യങ്ങളെയാണ് അവ ആഹാരമാക്കിയിരുന്നത്. കക്കകൾ, കടൽച്ചെടികൾ, ക്രസ്റ്റേഷ്യൻ, അമ്മോണൈറ്റുകൾ എന്നിവയെ ഭക്ഷിക്കുന്ന ഇനവും ഇതിലുണ്ട്. ഫോസിൽ കണ്ടെടുത്ത ജീവി മറ്റ് കടൽ ജീവികളെയാണ് ഭക്ഷിച്ചിരുന്നത് എന്നാണ് ഗവേഷകർ പറയുന്നത്. ഇതോടൊപ്പം മറ്റ് മൃഗങ്ങളുടെ ഫോസിലും കണ്ടെത്തിയിട്ടുണ്ട്. കടൽ രാക്ഷസൻ അവസാനം കഴിച്ച ഭക്ഷണമാകാം ഇത് എന്നാണ് നിഗമനം.
പല്ലികളുടെയും ഇഗ്വാനകളുടെയും രൂപസാദ്യശ്യമായിരുന്നു തലസ്സോടിറ്റാന് ഉണ്ടായിരുന്നത്. ക്രിറ്റേഷ്യസ് കാലഘട്ടത്തിന്റെ അവസാനത്തിൽ ദിനോസറുകൾ ഉൾപ്പെടെയുള്ള ജീവികളെയും തുടച്ചുനീക്കിയ അതേ ഛിന്നഗ്രഹ ആഘാതം തലസ്സോടിറ്റാന്റെ വംശനാശത്തിനും കാരണമായതായി വിശ്വസിക്കപ്പെടുന്നു.
Comments