മുപ്പത് വയസ്സിൽ ഒരു രാജ്യത്തിന്റെ ക്രിക്കറ്റ് ടീമിൽ ഇടം നേടുക എന്നത് അത്ര അസാധാരണമായ കാര്യമല്ല. മൈക്കൽ ഹസിയും രംഗന ഹെറാത്തും സയിദ് അജ്മലും ബ്രാഡ് ഹഡിനുമെല്ലാം മുപ്പതാം വയസ്സിലോ അതിനു ശേഷമോ അരങ്ങേറ്റം കുറിച്ചവരാണ്. പ്രതിഭകൾ എക്കാലത്തും ഉയർന്ന് വന്നിട്ടുള്ള ഇന്ത്യൻ ക്രിക്കറ്റിൽ പക്ഷേ അതത്ര സാധാരണമല്ല. ടീമിൽ സ്ഥാനം പിടിച്ചാൽ തന്നെ അത് നിലനിർത്തൽ ഒട്ടും എളുപ്പമല്ല. സ്റ്റുവർട്ട് ബിന്നി , നമൻ ഓജ തുടങ്ങിയവരുടെ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്.
മുപ്പതാം വയസ്സിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമായി കരുത്തു കാട്ടി ക്രിക്കറ്റ് പ്രേമികളുടെ ആവേശമായി മാറിയ സ്കൈ സൂര്യകുമാർ യാദവ് പക്ഷേ മുൻധാരണകളെ തകിടം മറിച്ചിരിക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റിൽ നിന്നും ഐപിഎല്ലിൽ നിന്നും കിട്ടിയ പരിചയ സമ്പത്തുമായി ഇന്ത്യൻ ടീമിന്റെ ഭാഗമായ സൂര്യകുമാർ ഇപ്പോൾ ആറാടുകയാണെന്ന് തന്നെ പറയേണ്ടി വരും. ടി20 ഇന്റർനാഷണലിൽ സീസണിലെ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റും ഏറ്റവുമധികം റൺസും നേടി ടീമിൽ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ഈ വലംകയ്യൻ ഹാർഡ് ഹിറ്റർ.
വാരാണസിയിൽ ക്രിക്കറ്റും ബാഡ്മിന്റണും കളിച്ച് നടന്ന സൂര്യയെ ക്രിക്കറ്റിൽ മാത്രം ശ്രദ്ധപതിപ്പിക്കാൻ നിർദ്ദേശിച്ചത് അച്ഛനാണ്. ജോലിയുടെ ഭാഗമായി മുംബൈയിലേക്ക് കുടിയേറിയത് ഒരു തരത്തിൽ സൂര്യകുമാർ യാദവിന് അനുഗ്രഹമായി. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറും സുനിൽ ഗവാസ്കറും അടക്കമുള്ള താരങ്ങളെ വാർത്തെടുത്ത മുംബൈ ക്രിക്കറ്റ് ലോകം സൂര്യക്ക് വളരാനുള്ള വഴിയൊരുക്കി. കോച്ചിംഗ് ക്യാമ്പുകളിൽ ബാറ്റിംഗിന്റെ മുന കൂർപ്പിച്ച് ഒടുവിലവൻ മുംബൈക്ക് വേണ്ടി രഞ്ജിയിൽ കളിക്കാനിറങ്ങി. പുതിയ കാലത്തെ ഏതൊരു യുവ ക്രിക്കറ്ററേയും പോലെ ഐപിഎൽ ആയിരുന്നു സൂര്യകുമാറിനും വഴിത്തിരിവായത്.
മുംബൈ ഇന്ത്യൻസ് ടീമിന്റെ ഭാഗമായ സൂര്യകുമാർ യാദവിന് വേണ്ട അവസരങ്ങൾ ലഭിച്ചില്ല. അവസരങ്ങൾ ലഭിച്ചപ്പോൾ അതിൽ ശോഭിക്കാനും കഴിഞ്ഞില്ല. കാര്യങ്ങൾ മാറി മറിഞ്ഞത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായതോടെയാണ്. സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശിത്തുടങ്ങിയ സൂര്യകുമാർ പ്രതിഭയുടെ മിന്നലാട്ടങ്ങൾ പ്രദർശിപ്പിച്ചു തുടങ്ങി. 2015 ലെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ബൗളർമാരായിരുന്നു സൂര്യകുമാർ യാദവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്. ടീമിന്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ച് അയാൾ 20 പന്തിൽ നേടിയ 46 റൺസിൽ അഞ്ച് കൂറ്റൻ സിക്സറുകളും ഉണ്ടായിരുന്നു. ആ സിക്സറുകളിൽ മൂന്നെണ്ണമാകട്ടെ സ്റ്റാർ ബൗളറായ ജസ്പ്രീത് ബൂമ്രയുടെ ഒറ്റ ഓവറിൽ നിന്നും അടിച്ചെടുത്തതും.
സൂര്യകുമാറിന്റെ കിടിലൻ ബാറ്റിംഗ് കണ്ട മുംബൈ ഇന്ത്യൻസ് 2018 ൽ അയാളെ തിരിച്ചെടുത്തു. പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത് വിശ്വസ്തനായ, അതോടൊപ്പം വെടിക്കെട്ടിന് തിരികൊളുത്തുന്ന ഇരുത്തം വന്ന ബാറ്ററെയാണ്. തുടർന്നുള്ള എല്ലാ സീസണിലും മുംബൈയുടെ റൺ മെഷീനായി അയാൾ മാറി.
ഐപിഎല്ലിലെ മികച്ച പ്രകടനം ഇന്ത്യയുടെ ടി20 ടീമിലേക്കുള്ള വഴി തുറന്നു. 2021 മാർച്ച് 14 ന് ഇംഗ്ലണ്ടിനെതിരെയായിരുന്നു ആദ്യ മത്സരം. ജോഫ്ര ആർച്ചറിന്റെ ഷോർട്ട് പിച്ച് ഡെലിവറി ഓഫ്സ്റ്റമ്പിലേക്ക് കവർ ചെയ്ത് ഫൈൻ ലെഗ്ഗിലേക്ക് സിക്സർ പറത്തി സൂര്യകുമാർ യാദവ് അരങ്ങേറ്റം ഗംഭീരമാക്കി. അർദ്ധ സെഞ്ച്വറി നേടിയെന്ന് മാത്രമല്ല ആദ്യ മത്സരത്തിലെ പ്ലെയർ ഓഫ് ദ മാച്ചുമായി അയാൾ.
പിന്നീടൊരു പ്രകടനം തന്നെയായിരുന്നു. ടീമിന്റെ എക്സ് ഫാക്ടറാണയാൾ എന്ന് വിരാട് കോഹ്‌ലിയുടെ വക അഭിനന്ദനം. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും സിക്സർ പറത്തി അയാൾ മിസ്റ്റർ 360 എന്നറിയപ്പെട്ട് തുടങ്ങി. ഓഫ് സ്റ്റമ്പിനു വളരെ പുറത്ത് വരുന്ന പന്തുകൾ പോലും ഫൈൻ ലെഗ്ഗിലും സ്ക്വയർ ലെഗ്ഗിലും അതിർത്തി കടന്നു. തന്റെ ഓഫ്സൈഡ് ഷോട്ടുകളുടെ പരിമിതി കഠിനമായി പരിശ്രമിച്ച് സൂര്യകുമാർ യാദവ് അതും മറികടന്നു. ഇൻസൈഡ് ഔട്ട് ഷോട്ടുകൾ കവറിനും ലോംഗോഫിനും മുകളിലൂടെ ഗ്യാലറിയിലെത്തി.അന്താരാഷ്‌ട്ര ടി20 യിൽ പ്രഹരശേഷിയിൽ ഒന്നാം സ്ഥാനത്താണ് ഇന്ന് സൂര്യകുമാർ യാദവ്. 177.26 ആണ് സ്ട്രൈക്ക് റേറ്റ്.
തന്റെ വിജയവഴിയിലെ നേട്ടങ്ങൾക്കെല്ലാം സൂര്യ നന്ദി പറഞ്ഞത് സ്വന്തം ശരീരം കൊണ്ടാണ്. അമ്മയുടേയും അച്ഛന്റേയും പേരുകൾ മാത്രമല്ല അവരുടെ ചിത്രങ്ങളും ടാറ്റൂവായി ശരീരത്തിൽ ചേർത്തു. ഇടത് കയ്യിൽ ലൈഫ് ഈസ് വാട്ട് യൂ മേക്ക് ഇറ്റ് എന്ന് പച്ച കുത്തിയിട്ടുണ്ട്. ഇടതുകാലിൽ വൺ സ്റ്റെപ്പ് അറ്റ് എ ടൈം എന്നാണ് കുത്തിയിട്ടുള്ളത്. ഓരോ വർഷം കഴിയുന്തോറും കൂടുതൽ ചിത്രങ്ങളാണ് സൂര്യയുടെ ശരീരത്തിൽ. 2016 നു ശേഷം ഒരു പേരു കൂടി വന്നു. ദേവിഷ- ഭാര്യയുടെ പേര്.
കഠിനാദ്ധ്വാനവും അച്ചടക്കത്തോടെയുള്ള പരിശീലനവുമാന് സൂര്യകുമാർ യാദവിനെ ഇന്ത്യൻ ക്രിക്കറ്റിലെ നിത്യസാന്നിദ്ധ്യമാക്കുന്നത്. ഏകദിനങ്ങളിലും കൂടി കഴിവ് തെളിയിച്ചാൽ ടീമിന് വിശ്വസ്തനായ ഒരു ബാറ്ററെ ലഭിക്കും. ടെസ്റ്റ് മത്സരങ്ങളിലേക്ക് അയാളെത്തുമോ എന്ന് കാലമാണ് തീരുമാനിക്കേണ്ടത്. എന്തായാലും ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ താരോദയമാണിത്. അതെ സൂര്യകുമാർ യാദവ് ആകാശമാണ്. അയാൾ പറത്തുന്ന പന്തുകൾ ഇനിയും ആകാശം മുട്ടുക തന്നെ ചെയ്യും.
Comments