ന്യൂഡൽഹി : താൻ ഒരു ബുദ്ധിജീവിയാണെന്നും എന്നാൽ ഇന്ത്യ വിരുദ്ധനോ മോദി വിരുദ്ധനോ അല്ലെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ . ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരകരുടെ പട്ടികയിൽ ഇടം നിഷേധിച്ചതിന് പിന്നാലെയാണ് ഈ പ്രതികരണം.കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്‌ക്ക് മത്സരിച്ച് പരാജയപ്പെട്ടതിനു പിന്നാലെയാണ് ശശി തരൂരിനെ പ്രചാരക പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.
ഒരു ബുദ്ധിജീവി എന്ന നിലയിൽ ഞാൻ ഇന്ത്യക്ക് എതിരല്ല , എനിക്ക് മോദിയോട് ഒരു വെറുപ്പും ഇല്ല. എന്റെ എതിർപ്പ് സർക്കാരിൽ മാത്രം ഒതുങ്ങുന്നു. ബിജെപിക്കെതിരായ പോരാട്ടം ഞാൻ തുടരും. -ഇത്തരത്തിലാണ് തരൂരിന്റെ പ്രസ്താവന.
കോൺഗ്രസ് ആരംഭിച്ച പല പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വച്ചിട്ടുണ്ടെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. ആ പദ്ധതികളുടെ ക്രെഡിറ്റ് ഒരിക്കൽ പോലും പ്രധാനമന്ത്രി കോൺഗ്രസിന് നൽകിയില്ല. ജനങ്ങളുടെ ആവശ്യങ്ങൾക്കാണ് മുൻഗണന നൽകുന്നത്.
“ഞാൻ വ്യക്തിപരമായി ഗുജറാത്തിലും ഹിമാചൽ പ്രദേശിലും പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്താൻ ആഗ്രഹിച്ചിരുന്നു, എന്നാൽ പാർട്ടി എന്നെ സ്റ്റാർ പ്രചാരകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. പാർട്ടിക്ക് ഒരുപക്ഷേ അവിടെ എന്റെ സേവനം ആവശ്യമില്ല. എന്തായാലും താരപ്രചാരകനാകാതെ തിരഞ്ഞെടുപ്പ് സംസ്ഥാനത്തേക്ക് പോയാൽ തിരഞ്ഞെടുപ്പ് കമ്മീഷനെക്കൊണ്ട് നടപടിയെടുപ്പിക്കാം. സ്ഥാനാർത്ഥിയുടെ ചെലവിൽ നിന്ന് പണം കുറയ്‌ക്കാം.“ – പ്രചാരക പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു.















