മുംബൈ: അലക്ഷ്യമായി വാഹനമോടിച്ച് മറ്റുള്ളവരുടെ ജീവൻ അപായപ്പെടുത്തുന്നത് കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പുകൾ മൃഗങ്ങൾ ഇരയായ കേസുകൾക്ക് ബാധകം അല്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. അലക്ഷ്യമായി വാഹനം ഓടിച്ച് തെരുവ് നായയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് സ്വിഗ്ഗി ഭക്ഷണ വിതരണക്കാരന് എതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കികൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
നായ,പൂച്ച തുടങ്ങിയവയെ അവരുടെ ഉടമസ്ഥർ കുട്ടിയായോ കുടുംബാംഗമായോ കാണുമെങ്കിലും ജീവശാസ്ത്ര പ്രകാരം അവ മനുഷ്യരല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ,പൃഥ്വിരാജ് ചവാൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 279 ആം വകുപ്പ് (അലക്ഷ്യമായി വാഹനം ഓടിക്കൽ) 337 ആം വകുപ്പ് ( ജീവൻ അപായപ്പെടുത്തൽ) എന്നിവ മനുഷ്യർക്ക് എതിരായ കുറ്റകൃത്യങ്ങൾക്കാണ് ബാധകമാകുന്നത്. അതിനാൽ ഈ വകുപ്പുകൾ മനുഷ്യർക്ക് എതിരായ അതിക്രമങ്ങൾക്ക് മാത്രമാണ് ബാധകമാകുക. വളർത്തു മൃഗങ്ങൾക്കും, മറ്റ് മൃഗങ്ങൾക്കും എതിരെ ഉണ്ടാകുന്ന അക്രമങ്ങൾക്ക് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 279, 337 വകുപ്പുകൾ പ്രകാരം കുറ്റം ചുമത്താൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Comments