മുംബൈ: ദ കേരള സ്റ്റോറി സംവിധായകനും നടിയും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ പോകവെയാണ് അപകടം. സംവിധായകൻ സുദീപ്തോ സെൻ, നടി ആദാ ശർമ എന്നിവർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ അപകടത്തെ തുടർന്ന് പ്രശ്നങ്ങളൊന്നും തന്നെ ഇല്ലെന്ന് ഇരുവരും ട്വീറ്റ് ചെയ്തു. അപകടത്തിന് പിന്നാലെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കരിംനഗറിൽ സംഘടിപ്പിച്ച ഹിന്ദു ഏക്താ യാത്രയിൽ
പങ്കെടുക്കാൻ പോകും വഴിയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് പരിപാടിയിൽ പങ്കെടുക്കാനാകില്ലെന്ന് ഇരുവരും അറിയിക്കുകയായിരുന്നു.
‘ഇന്ന് കരിംനഗറിൽ യുവജനസംഗമത്തിൽ പങ്കെടുക്കാൻ പോകുന്നത് ഞങ്ങളുടെ സിനിമയെക്കുറിച്ച് സംസാരിക്കാനായിരുന്നു. നിർഭാഗ്യവശാൽ ചില ആരോഗ്യപ്രശ്നങ്ങൾ കാരണം യാത്ര ചെയ്യാൻ സാധിക്കില്ല. കരിംനഗറിലെ ജനങ്ങളോട് ഹൃദയം നിറഞ്ഞ മാപ്പ്. ഞങ്ങളുടെ പെൺമക്കളെ രക്ഷിക്കാനാണ് ഞങ്ങൾ സിനിമ ചെയ്തത്’ എന്ന് സുദീപ്തോ സെൻ ട്വീറ്റ് ചെയ്തു.
‘എനിക്ക് സുഖമാണ് സുഹൃത്തുക്കളെ. ഞങ്ങളുടെ അപകടത്തെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ കാരണം ധാരാളം സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ടീം മുഴുവനും, ഞങ്ങൾ എല്ലാവരും സുഖമായിരിക്കുന്നു. ഗൗരവമായി ഒന്നുമില്ല. വലിയ പ്രശ്നങ്ങൾ ഒന്നുമില്ല. ഉത്കണ്ഠകൾക്ക് നന്ദി’, എന്നാണ് ആദാ ശർമ ട്വിറ്ററിൽ കുറിച്ചത്.
മെയ് അഞ്ചിനാണ് ദി കേരള സ്റ്റോറി തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ഒൻപത് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ചിത്രം ഇടം പിടിച്ചു. ആദ്യ ആഴ്ചയിൽ മികച്ച പ്രകടനം കാഴ്ച വച്ച ചിത്രം രണ്ടാം ആഴ്ചയിലേയ്ക്ക് കടക്കുമ്പോൾ വെള്ളിയാഴ്ച 12.35 കോടിയും ശനിയാഴ്ച 19.50 കോടിയും നേടി. ആകെമൊത്തം 112.99 കോടിയാണ് ദി കേരള സ്റ്റോറി ഏതാനും ദിവസങ്ങൾകൊണ്ട് സ്വന്തമാക്കിയിരിക്കുന്നത്.
Comments