തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വൈദ്യുതി ചാർജ് വർദ്ധിക്കും. സർചാർജായി 10- പൈസകൂടിയാണ് ഇന്ന് വർദ്ധിക്കുന്നത്. നിലവിൽ വർദ്ധിപ്പിച്ചിരുന്ന ഒമ്പത് പൈസയ്‌ക്ക് പുറമേയാണിത്. മാസം നാൽപത് യൂണിറ്റിന് താഴെ ഉപയോഗമുള്ള ഗാർഹിക ഉപഭോക്താക്കളെ സർചാർജിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. ഇതോടെ 19 പൈസയാണ് സർചാർജ് ഇനത്തിൽ നൽകേണ്ടത്.
യൂണിറ്റിന് നാൽപ്പത്തിനാല് പൈസ ഈടാക്കണമെന്നാണ് കെഎസ്ഇബി സർക്കാരിനോട് അപേക്ഷിച്ചത്. എന്നാൽ റെഗുലേറ്ററി കമ്മിഷന്റെ അനുമതി ഇല്ലാതെ ബോർഡിന് പരമാവധി കൂട്ടാവുന്ന തുക പത്തുപൈസയായി കുറച്ച പശ്ചാത്തലത്തിലാണ് 10 പൈസമാത്രം കൂട്ടിയത്. നിലവിൽ ഈടാക്കുന്ന ഒമ്പത് പൈസ സർചാർജ് ഒക്ടോബർവരെ തുടരാനിരിക്കെയാണ് പത്ത് പൈസ കൂടി കൂട്ടാൻ കെഎസ്ഇബിയും തീരുമാനം എടുത്തത്.
കഴിഞ്ഞ ജൂലൈ മുതൽ കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങിയതിനാണ് സർചാർജ് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം കെ എസ് ഇ ബി സമർപ്പിച്ച താരിഫ് നിർദ്ദേശങ്ങളിൽ റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ വൈദ്യുതി നിരക്ക് ജൂലൈ മാസത്തോടെ കൂടിയേക്കും. അഞ്ച് വർഷത്തേക്കുള്ള താരിഫ് വർധനയ്‌ക്കാണ് വൈദ്യുതി ബോർഡ് അപേക്ഷ നൽകിയിരിക്കുന്നത്.















