പാരിസ്: ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണുമായി പ്രതിനിധിതല ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക സന്ദർശനത്തിനായി പാരിസീലെത്തിയ പ്രധാനമന്ത്രിക്ക് ഫ്രാൻസ് ഭരണകൂടവും ഇന്ത്യൻ സമൂഹവും വൻവരവേൽപ്പാണ് നൽകിയത്. ഫ്രഞ്ച് സെനറ്റ് പ്രസിഡന്റ് ജെറാർഡ് ലാർച്ചറുമായും അദ്ദേഹം സെനറ്റ് മന്ദിരത്തിൽ കൂടിക്കാഴ്ച നടത്തി.
ജൂലൈ 14 ന് പാരീസിൽ നടക്കുന്ന ഫ്രാൻസിന്റെ ദേശീയദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം അതിഥിയായി പങ്കെടുക്കും. ഇന്ത്യയുടെ ആർമി, നേവി, എയർഫോഴ്സ് സേനാംഗങ്ങളും ഫ്രാൻസ് തലസ്ഥാനമായ പാരീസിൽ നടക്കുന്ന പരേഡിൽ പങ്കെടുക്കും. ഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് പരേഡിൽ പങ്കെടുക്കാൻ ഇന്ത്യൻ സേനാ വിഭാഗങ്ങളെ ഫ്രാൻസ് ക്ഷണിച്ചിരിക്കുന്നത്.
ബാസ്റ്റിൽ ഡേ പരേഡിൽ ഇന്ത്യൻ എയർഫോഴ്സിന്റെ വിമാനങ്ങൾ ഫ്ലൈ പാസ്റ്റ് നടത്തും. ഇരുരാജ്യങ്ങളും തമ്മിലുളള തന്ത്രപ്രധാനമായ ബന്ധത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
Comments