കൊച്ചി: കേരള ക്രിക്കറ്റ് ടീമിനെ മുൻ ഇന്ത്യൻ താരവും തമിഴ്‌നാടിന്റെ പരിശീലകനുമായിരുന്ന എം.വെങ്കടരമണ പരിശീലിപ്പിക്കും. രണ്ട് വർഷമാണ് കാലാവധി. മുൻ ഇന്ത്യൻ പേസ് ബൗളറും മലയാളിയുമായ ടിനു യോഹന്നാന് പകരമാണ് എം.വെങ്കടരാമണ പരിശീലകനാകുന്നത്.ഓസ്ട്രേലിയയുടെ മുൻ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന ഡേവ് വാട്മോറിന്റെ കാലാവധി കഴിഞ്ഞപ്പോഴാണ് കെസിഎ ഹൈ പെർഫോമൻസ് സെന്ററിന്റെ ഡയറക്ടർകൂടിയായിരുന്ന ടിനുവിനെ പരിശീലകനാക്കിയത്.
തമിഴ്നാട് സ്വദേശിയായ എം.വെങ്കടരമണ മുൻ ഇന്ത്യൻ ഓഫ് സ്പിന്നറാണ്. 2021 മുതൽ 2023 വരെ തമിഴ്നാട് ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരുന്ന വെങ്കടരമണ ദീർഘകാലം സിങ്കപ്പുർ ദേശീയ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരുന്നു. 2022 ദുലീപ് ട്രോഫിയിൽ ദക്ഷിണ മേഖലയെ പരിശീലിപ്പിച്ചതും ഇദ്ദേഹമാണ്.
75 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച താരം 247 വിക്കറ്റുകൾ വീഴ്‌ത്തിയിട്ടുണ്ട്. 30 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 36 വിക്കറ്റുകളും സ്വന്തമാക്കി. 1987-88 സീസണിലാണ് വെങ്കടരമണ ആദ്യമായി രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ചത്.വെങ്കടരമണയുടെ കരുത്തിൽ തമിഴ്നാട് കിരീടം നേടുകയും ചെയ്തു. ഈ പ്രകടനത്തിന്റെ മികവിൽ ഇന്ത്യൻ ടീമിലേക്ക് ക്ഷണം ലഭിച്ചെങ്കിലും ഒരു ടെസ്റ്റിലും ഒരു ഏകദിനത്തിലും മാത്രമാണ് കളിക്കാനായത്. ഡൽഹിക്കാരി സുമൻ ശർമയാണ് വനിതാ ടീമിന്റെ പരിശീലക.
Comments