അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെ തുടർന്ന് വനിത ക്രിക്കറ്റ് ടീം മത്സരങ്ങൾക്കിറങ്ങിയിട്ട് നാളുകൾ ഏറെയായി. ഫിറൂസ അമിരി എന്ന പതിനെട്ടുകാരി അഫ്ഗാനിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ഭാഗമായത് താലിബാൻ അഫ്ഗാനിസ്ഥാനിന്റെ ഭരണം ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പാണ്. രാജ്യാന്തര ക്രിക്കറ്റിൽ അഫ്ഗാനെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങാൻ താരം കാത്തിരുന്നെങ്കിലും പിന്നീട് എല്ലാം അസ്തമിച്ചു. 2021 ഓഗസ്റ്റ് 15 ന് അഫ്ഗാന്റെ അധികാരം താലിബാൻ പിടിച്ചടക്കിയതോടെ കായികരംഗത്തും വിദ്യാഭ്യാസമേഖലയിലുമെല്ലാം സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി. എന്നാൽ ഇപ്പോൾ തങ്ങൾക്കും ക്രിക്കറ്റ് കളിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് അമീരിയും സംഘവും രംഗത്തെത്തിയിരിക്കുകയാണ്.
താലിബാൻ അഫ്ഗാനിസ്ഥാനിലെ ഭരണം ഏറ്റെടുത്തതോടെ അമീരിയും കുടുംബവും പാകിസ്താനിലേക്ക് കുടിയേറി. ഇവിടെ നിന്ന് കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലേക്ക് കുടിയേറിയ താരമിപ്പോൾ 25 അംഗ ടീമംഗങ്ങൾക്കൊപ്പമാണ് താമസിക്കുന്നത്. അഫ്ഗാൻ പുരുഷ ടീം ഇപ്പോഴും ക്രിക്കറ്റിൽ സജീവമായി തുടരുന്നുണ്ടെങ്കിലും വനിതാ ടീമിന്റെ വിലക്ക് തുടരുകയാണ്. അന്താരാഷ്‌ട്ര മത്സരങ്ങളിൽ വീണ്ടും ഉൾപ്പെടുത്തണമെന്ന് അമീരി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിനും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് അധികാരികളോടും ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാൻ പൂർണമായും താലിബാന്റെ നിയന്ത്രണത്തിലായതോടെയാണ് എല്ലാം ഉപേക്ഷിച്ച് അവർക്ക് അവിടെ നിന്നും മറുനാട്ടിലേക്ക് കുടിയേറിയത്. സഹതാരമായ ഫ്രിബ ഹോട്ടക്കിനും അമീരിയുടെ അവസ്ഥ തന്നെയാണ്. താലിബാൻ അധികാരത്തിലേറിയതിന് പിന്നാലെ അവർ വനിതാ താരങ്ങളുടെ ബാറ്റും മറ്റ് ക്രിക്കറ്റ് ഉപകരണങ്ങളുമെല്ലാം കത്തിച്ചുകളഞ്ഞു. ഓസ്ട്രേലിയയിൽ എത്തിയതോടെയാണ് വനിതകളുടെ ക്രിക്കറ്റ് സ്വപ്നങ്ങൾക്ക് വീണ്ടും ചിറകുകൾ മുളച്ചത്. ”ഞങ്ങൾ വീണ്ടും കളിക്കാൻ തുടങ്ങി, ഇവിടെ ക്രിക്കറ്റ് കളിക്കാൻ ഒരു ടീം വേണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു” ഫ്രിബ പറഞ്ഞു.
മെൽബണിലെ ഒരു സർബൻ ലീഗിലാണ് അമീരിയും ചില മുൻസഹതാരങ്ങളും കളിക്കുന്നത്. അഫ്ഗാൻ പുരുഷ ടീം അന്താരാഷ്ടര മത്സരങ്ങൾ കളിക്കുന്നത് പോലെ തങ്ങൾക്കും അവസരം ഒരുക്കണമെന്നാണ് വനിതാ ടീമിന്റെ ആവശ്യം. ഇത് സംബന്ധിച്ച് അവർ ഐസിസിയുടെ ഗവേണിങ് ബോഡിക്ക് ഡിസംബറിൽ ഇമെയിൽ അയച്ചിരുന്നു. വനിതാ ക്രിക്കറ്റിനായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ഐസിസി കൈമാറിയ പണം എവിടെയെന്നാണ് താരങ്ങൾ ചോദിക്കുന്നത്. ”ഞങ്ങളുടെ മുന്നോട്ടുള്ള പോക്കിനായി ഓസ്ട്രേലിയൻ ഓർഗനൈസേഷനിലേക്ക് ഇത് മാറ്റിയിടാൻ കഴിയില്ലേ, അങ്ങനെ ചെയ്താൽ ഞങ്ങൾക്ക് അന്താരാഷ്‌ട്ര വേദിയിൽ അഫ്്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് ഇറങ്ങാൻ കഴിയും” അമീരി വ്യക്തമാക്കി.
അഫ്ഗാനിലെ സാഹചര്യം തങ്ങൾക്ക് അറിയാമെന്നും എങ്കിലും എല്ലാവരുടെയും സഹായവും പിന്തുണയും കൊണ്ട് രാജ്യത്തിനായി കളിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ സജീവമായി തുടരുകയാണെന്നും അവർ വ്യക്തമാക്കി. ”നിങ്ങളുടെ പ്രതികരണങ്ങൾക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കുകയാണ്. എന്നാൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ നിന്നോ ഐസിസിയിൽ നിന്നോ ഇതുവരെ ആരും ബന്ധപ്പെട്ടിട്ടില്ല” അമീരി കൂട്ടിച്ചേർത്തു. വനിതാ ടീമിനെ വിലക്കിയിട്ടും പുരുഷ ടീം അതിനെതിരെ പ്രതികരിച്ചില്ലെന്നും അമീരി ചൂണ്ടിക്കാട്ടി.
”അഫ്ഗാനിൽ ആയിരുന്നെങ്കിൽ ജീവിച്ചിരിക്കുമോ എന്ന കാര്യത്തിൽ സംശയമാണ്. ഓസ്ട്രേലിയയിൽ സുരക്ഷിതമായി ജീവിക്കാൻ സഹായിച്ചവരോട് നന്ദി പറയുന്നു.അത്ഭുതം ഒരു ദിവസം സംഭവിക്കുമെന്നും ഞങ്ങൾ ഒരു അന്താരാഷ്‌ട്ര ഗ്രൗണ്ടിൽ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു” അമീരി വ്യക്തമാക്കി.
Comments