വാട്ട്സ്ആപ്പ് വേരിഫിക്കേഷനിൽ പുതിയ അപ്ഡേഷനുമായി കമ്പനി. ഏറ്റവും പുതിയ വാട്ട്സ്ആപ്പ് ബീറ്റ പതിപ്പിൽ ഇ-മെയിൽ മുഖേന അക്കൗണ്ട് ലോഗിൻ ചെയ്യുന്നതിനുള്ള സംവിധാനമാണ് ഉൾപ്പെടുത്തുന്നത്.
ടെസ്റ്റ്ഫ്ളൈറ്റ് ബീറ്റ പ്രോഗ്രാമിലൂടെ അടുത്തിടെ പുറത്തുവിട്ട ഐഒഎസിന് വേണ്ടിയുള്ള വാട്സ്ആപ്പ് ബീറ്റ 23.23.1.77 പതിപ്പിലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഫോൺ നമ്പറിനൊപ്പം ഇ-മെയിൽ ഉപയോഗിച്ച് ലോഗിൻ ചെയ്യുന്നതിനുള്ള ഓപ്ഷനാണ് സജ്ജമാക്കിയിരിക്കുന്നത്. ടെലഗ്രാമിൽ നേരത്തെ തന്നെ അവതരിപ്പിച്ചിട്ടുള്ള ഫീച്ചറാണിത്. ആൻഡ്രോയിഡിലും ഐഒഎസിലും അധികം വൈകാതെ തന്നെ ഈ ഫീച്ചർ എത്തിയേക്കും.
വാട്ട്സ്ആപ്പിൽ പുതിയതായി ഇ-മെയിൽ അഡ്രസ് പേജ് എന്ന ഓപ്ഷനുണ്ടാകും. ഇതിൽ ഉപയോക്താവിന് വളരെ എളുപ്പത്തിൽ മെയിൽ ചേർക്കാനാകും. ഇ-മെയിൽ ഉൾപ്പെടുത്തിയതിന് ശേഷം പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട്. ഇതിലൂടെ വാട്സ്ആപ്പ് അക്കൗണ്ട് ആക്സസ് ചെയ്യാനും വീണ്ടെടുക്കാനും സാധിക്കും. ഉപയോക്താക്കൾക്ക് ഇ-മെയിൽ ഓപ്ഷൻ വേണ്ടെന്നാണെങ്കിൽ ഇതിനുള്ള സൗകര്യവും വാട്ട്സ്ആപ്പിലുണ്ടാകും. സുരക്ഷ മുൻനിർത്തി ഇവ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇമെയിൽ സംവിധാനം ആക്ടിവേറ്റ് ചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് ആറക്ക ഒടിപി വേരിഫിക്കേഷൻ കോഡ് ലഭിക്കും. ഇതിലൂടെ അധിക സുരക്ഷാ സംവിധാനമാണ് ലക്ഷ്യം വെക്കുന്നത്.