ആലപ്പുഴ: കലവൂരിൽ 3 ലക്ഷം രൂപയുടെ ലഹരി മരുന്നുമായി യുവാവ് പിടിയിൽ. കാവുങ്കൽ സ്വദേശി അതുൽ രാജാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും എംഡിഎംഎ, കഞ്ചാവ്, ഉറക്കഗുളികകൾ തുടങ്ങിയവ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
ബെംഗളൂരുവിൽ നിന്നും നിസാര തുകയ്ക്ക് ലഹരി വസ്തുക്കൾ വാങ്ങി കേരളത്തിലെ ചെറുകിട കച്ചവടക്കാർക്ക് ഒരു ഗ്രാമിന് 4,000 രൂപ വരെ ഈടാക്കിയാണ് പ്രതി ലഹരി മരുന്നുകൾ വിറ്റിരുന്നത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിനും മണ്ണഞ്ചേരി പോലീസിനും ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അതുൽ പിടിയിലായത്. 50 ഗ്രാം എംഡിഎംഎ, 200 ഗ്രാം കഞ്ചാവ്, 25 നൈട്രസെപാം ഗുളികകൾ തുടങ്ങിയവ പ്രതിയിൽ നിന്നും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.