അമരാവതി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ വിവാഹം ചെയ്ത സംഭവത്തിൽ 46-കാരനായ അദ്ധ്യാപകൻ അറസ്റ്റിൽ. യന്ദഗനി ജില്ലാ പരിഷത്ത് ഹൈസ്‌കൂളിലെ അദ്ധ്യാപകനായ സോമരാജാണ് അറസ്റ്റിലായത്. ആന്ധ്രാപദേശിലെ ഗോദാവരി ജില്ലയിലാണ് സംഭവം. 15 വയസുകാരിയായ പെൺകുട്ടിയെ ഇയാൾ പ്രണയം നടിച്ച് നിർബന്ധിച്ചാണ് വിവാഹം ചെയ്തത്.
നവംബർ 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. നാല് മാസത്തോളം ഇരുവരും പ്രണയബന്ധത്തിലായിരുന്നു. പ്രതി പെൺകുട്ടിക്ക് മൊബൈൽ ഫോൺ വാങ്ങി നൽകുകയും നിരന്തരം വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്തിരുന്നതായി പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
വിവാഹത്തിന് ശേഷം ഇയാൾ പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോകുകയും പീഡിപ്പിക്കുകയും ചെയ്തു. പെൺകുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 376, 342, 506 എന്നീ വകുപ്പുകൾ പ്രകാരം അദ്ധ്യാപകർക്കെതിരെ പോലീസ് കേസെടുത്തു.















