പാരിസ്: ഫ്രാൻസിലെ വിമാനത്താവളത്തിൽ പിടിച്ചിട്ട ദുബായിൽ നിന്നുള്ള വിമാനത്തിന് പോകാൻ അനുമതി നൽകി ഭരണകൂടം. കഴിഞ്ഞ ദിവസമായിരുന്നു 303 ഇന്ത്യക്കാരുമായി ദുബായിൽ നിന്ന് പോയ വിമാനം ഫ്രാൻസിൽ പിടിച്ചിട്ടത്.
നിക്കരാഗ്വയിലേക്ക് പുറപ്പെട്ട വിമാനം ഇന്ധനം നിറയ്ക്കുന്നതിനായി പാരിസിനടുത്തുള്ള വാട്രി എയർപോർട്ടിൽ ലാൻഡ് ചെയ്തപ്പോഴായിരുന്നു പിടിച്ചിട്ടത്. മനുഷ്യക്കടത്താണെന്ന സംശയത്തെ തുടർന്നായിരുന്നു നടപടി. മൂന്ന് ദിവസത്തെ അന്വേഷണത്തിന് ശേഷം നിലവിൽ യാത്രക്കാരെ വിട്ടയച്ചിരിക്കുകയാണ് ഫ്രാൻസ്.
എന്നാൽ വിമാനം നിക്കരാഗ്വയിലേക്ക് തന്നെയാണോ പുറപ്പെട്ടതെന്ന് വ്യക്തമല്ല. യാത്ര മുടങ്ങിയതിനാൽ വിമാനം ദുബായിലേക്ക് തന്നെ പോകാൻ സാധ്യതയുണ്ടെന്നാണ് എയർപോർട്ട് അധികൃതർ വ്യക്തമാക്കുന്നത്. റൊമാനിയൻ ചാർട്ടർ കമ്പനിയായ ലെജൻഡ് എയർലൈൻസിനെയാണ് ഫ്രാൻസിൽ പിടിച്ചുവച്ചത്. ഇതിൽ 303 ഇന്ത്യക്കാരുണ്ടായിരുന്നു. ഇവരിൽ 11 പേരും പ്രായപൂർത്തിയാകാത്തവരാണ്. മനുഷ്യക്കടത്താണ് നടക്കുന്നതെന്ന രഹസ്യ സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു വിമാനം ഫ്രാൻസ് പിടിച്ചുവച്ചത്.