ഇന്ന് രാവിലെയാണ് നടിയും മോഡലുമായ പൂനം പാണ്ഡെയുടെ വിയോഗ വാർത്ത പുറംലോകത്ത് എത്തുന്നത്. അവരുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ നടിയുടെ ടീമാണ് വാർത്താ കുറിപ്പ് പങ്കുവച്ചത്. സെർവിക്കൽ കാൻസറിനെ തുടർന്ന് പൂനം പാണ്ഡ അന്തരിച്ചെന്നായിരുന്നു ഇത്. എന്നാൽ ഇപ്പോൾ ഇതിൽ വലിയൊരു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. വിയോഗ വാർത്ത പുറത്തുവന്നതിന് പിന്നാലെ പൂനത്തിന്റെ കുടുംബത്തെ കാണാനില്ലെന്നാണ് വിവരം.
നടിയുടെ മാനേജർ അവരുടെ സഹോദരിയുമായി സംസാരിച്ച ശേഷമാണ് മരണ വാർത്ത പുറത്തുവിട്ടത്. എന്നാൽ ഇതിന് ശേഷം ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സഹോദരിയുടെ ഫോൺ സ്വിച്ചിഡ് ഓഫായിരുന്നു. കുടുംബാംഗങ്ങളെയും ബന്ധപ്പെടാനായില്ല. എല്ലാവരുടെയും ഫോൺ സ്വിച്ചിഡ് ഓഫെന്നാണ് നടിയുടെ ടീം പറയുന്നത്. ഇന്ത്യ ടുഡേയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ഉത്തർ പ്രദേശിലെ കാൺപൂർ സ്വദേശിനിയാണ് പൂനം പാണ്ഡെ.
നടിയുടെ സഹോദരിയാണ് തങ്ങളെ വിളിച്ച് മരണ വിവരം അറിയിച്ചതെന്നും അതിന് ശേഷമാണ് ഇക്കാര്യം പരസ്യമാക്കിയതെന്നുമാണ് പൂനത്തിന്റെ ടീം വ്യക്തമാക്കിയത്. കൂടുതൽ അപ്ഡേറ്റിനായി കാത്തിരിക്കുന്നുവെന്നും അവർ വ്യക്തമാക്കി.നടിയുടെ വിയോഗ വാർത്ത പുറത്തുവന്നതിന് പിന്നാലെ കങ്കണ അടക്കമുള്ളവർ ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തുവന്നിരുന്നു.