ബെനോനി: ഏകദിന ലോകകപ്പ് ഫൈനലിൽ ഒരിക്കൽ കൂടി ഇന്ത്യയുടെ സ്വപ്‌നങ്ങളെ തകർത്ത് ഓസ്ട്രേലിയ. അണ്ടർ 19 ലോകകപ്പ് ഫൈനലിലാണ് സീനിയേഴ്‌സിന് പിന്നാലെ ഓസീസ് കൗമാരപ്പട ഇന്ത്യയെ തോൽപ്പിച്ച് കിരീടം നേടിയത്. ഓസീസ് ഉയർത്തിയ 254 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 43.5 ഓവറിൽ 174 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ഓസീസിനായി മഹ്ലി ബിയേർഡ്മാൻ, റാഫ് മക്മില്ലൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. കല്ലം വിഡ്ലെർ രണ്ട് വിക്കറ്റെടുത്തു.
ഓസ്ട്രേലിയയുടെ നാലാം അണ്ടർ 19 ലോകകപ്പ് കിരീടമാണിത്. 1988, 2002, 2010 വർഷങ്ങളിലാണ് ഓസീസ് ഇതിന് മുമ്പ് കിരീടം ചൂടിയത്. 2023-ലെ ഏകദിന ലോകകപ്പിന്റെ തനിയാവർത്തനത്തിനാണ് ബെനോനി സാക്ഷ്യം വഹിച്ചത്. ടൂർണമെന്റിൽ അപരാജിതരായി മുന്നേറിയ ജൂനിയേഴ്‌സും ഫൈനലിൽ ഓസീസിന് മുന്നിൽ കളിമറക്കുകയായിരുന്നു. ബാറ്റിംഗിലെ ഇന്ത്യയുടെ പ്രതീക്ഷകളായിരുന്ന സച്ചിൻ ദാസ്(9), അർഷിൻ കുൽക്കർണി (3), മുഷീർ ഖാൻ(22),നായകൻ ഉദയ് സഹറാൻ(8) എന്നിവരെല്ലാം പൊരുതി നോക്കുക പോലും ചെയ്യാതെ ഓസീസ് ബൗളർമാർക്ക് മുന്നിൽ കീഴടങ്ങി. 77 പന്തിൽ നിന്ന് 47 റൺസെടുത്ത ഓപ്പണർ ആദർശ് സിംഗാണ് ഇന്ത്യക്ക് വേണ്ടി അൽപ്പമെങ്കിലും പൊരുതി നിന്നത്. എട്ടാമനായി ഇറങ്ങിയ മുരുഗൻ അഭിഷേകിന്റെ പ്രകടനം പ്രതീക്ഷ നൽകിയെങ്കിലും അൽപ്പായുസായിരുന്നു ഫലം. 46 പന്തിൽ നിന്ന് 42 റൺസെടുത്ത മുരുഗനാണ് സ്‌കോർ 150 കടത്തിയത്. നമൻ തിവാരി(14)യാണ് പുറത്തായ മറ്റൊരു താരം.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് തുടക്കത്തിൽ തന്നെ സാം കോൺസ്റ്റാസിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. എന്നാൽ രണ്ടാം വിക്കറ്റിൽ ക്രീസിലൊന്നിച്ച നായകൻ ഹ്യൂഗ് വെയ്ബ്‌ജെനും ഹാരി ഡിക്സണും ചേർന്ന് ഓസീസിന് വേണ്ടി സ്‌കോർ ബോർഡ് അതിവേഗം ചലിപ്പിച്ചു. പിന്നാലെ ഹ്യൂഗിനെയും(48) ഹാരിയെയും(42) നമാൻ തിവാരി മടക്കി. ഇതോടെ ഓസീസ് സമ്മർദ്ദത്തിലായി.
എന്നാൽ നാലാമനായി ക്രീസിലെത്തിയ ഹർജാസ് സിംഗ് റിയാൻ ഹിക്സിനെ കൂട്ടുപിടിച്ച് ഓസീസിനെ 150 കടത്തി. സൗമി പാണ്ഡെ ഹർജാസിനെ(55)യും ഹിക്സിനെ(20) ലിംബാനിയും മടക്കി. റാഫ് മക്മില്ലൻ(2) ചാർളി ആൻഡേഴ്സൺ(13) എന്നിവരാണ് ഓസീസ് നിരയിൽ പുറത്തായ മറ്റുതാരങ്ങൾ. ഒലിവർ പീക്ക്(46) ടോം സ്ട്രേക്കർ (8) എന്നിവർ പുറത്താകാതെ നിന്നു. ഇന്ത്യക്കായി രാജ് ലിംബാനി മൂന്നും നമൻ തിവാരി രണ്ടും വിക്കറ്റ് വീഴ്‌ത്തി. സൗമി പാണ്ഡെയും മുഷീർ ഖാനും ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.