മലപ്പുറം: 17-കാരിയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ അദ്ധ്യാപകൻ സിദ്ധിഖ് അലി അറസ്റ്റിൽ. പെൺകുട്ടിയെ ഇയാൾ പീഡനത്തിന് ഇരയാക്കിയെന്ന കുടുംബത്തിന്റെ പരാതിയിലാണ് വാഴക്കാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
തിങ്കളാഴ്ച വൈകുന്നേരം വീട്ടിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർത്ഥിയുടെ മൃതദേഹം 100 മീറ്റർ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്. പ്രതിക്കെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. ഇയാൾ പെൺകുട്ടികൾക്ക് നേരെ സ്ഥിരം ലൈംഗികാതിക്രമങ്ങൾ നടത്തുന്നയാളാണെന്ന് പോലീസ് വ്യക്തമാക്കി. ഇയാളെ നേരത്തെയും പോക്സോ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.