ബ്രസാവില്ലെ: കോംഗോയിൽ എംപോക്‌സ് വൈറസ് പടരുന്ന സാഹചര്യത്തിൽ അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യ സംഘടന. മാരകമായ വൈറസിന്റെ വ്യാപനം ആഗോളതലത്തിൽ ഉയർത്തുന്ന ഭീഷണി വിലയിരുത്താനാണ് യോഗം വിളിച്ചിരിക്കുന്നത്. സ്ഥിതി പരിശോധിക്കാൻ സ്വതന്ത്ര വിദഗ്ധരുടെ ഒരു സമിതി എത്രയും വേഗം യോഗം ചേരുമെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.
മധ്യ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ കഴിഞ്ഞ സെപ്തംബർ മുതലാണ് എംപോക്‌സ് വൈറസ് ബാധിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധന രേഖപ്പെടുത്തിയത്. നിലവിൽ കോംഗോയുടെ അയൽ രാജ്യങ്ങളിലും രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്നുണ്ട്.
കോംഗോയിൽ 27,000-ത്തിലധികം പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇതിൽ 1100-ലധികം പേർ മരണപ്പെട്ടു. ഭൂരിഭാഗവും കുട്ടികളാണ് മരണപ്പെട്ടത്. യുവാക്കൾക്കിടയിലാണ് വൈറസ് വളരെ വേഗത്തിൽ വ്യാപിക്കുന്നത്. പനി, വിറയൽ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, പേശി വേദന എന്നിവയാണ് കുരുങ്ങ് പനിയുടെ പ്രാഥമിക ലക്ഷണങ്ങൾ.















