വിജയ്-വെങ്കട് പ്രഭു ചിത്രം GOAT ന്റെ കളക്ഷനിൽ വമ്പൻ ഇടിവ്. റിലീസ ചെയ്ത് എട്ടുദിവസമായ ചിത്രത്തിന് കളക്ഷനിൽ കഴിഞ്ഞ നാലുദിവസമായി ഇന്ത്യയിൽ രേഖപ്പെടുത്തിയത് വമ്പൻ ഇടിവാണെന്ന് സാക്നിൽക്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു. ആദ്യ ദിവസം ഇന്ത്യയിൽ നിന്ന് 44 കോടി നേടിയ ചിത്രത്തിന് എട്ടാം ദിവസം ലഭിച്ചത് വെറും ആറര കോടി രൂപയാണ്. ഇന്ത്യയിൽ നിന്ന് ഇതുവരെ 177.75 കോടി നേടാനെ സിനിമയ്‌ക്ക് സാധിച്ചിട്ടുള്ളു.
അതേസമയം വാരിസിന്റെ 297.55 കോടിയുടെ കളക്ഷൻ മറികടക്കാൻ ഗോട്ടിന് സാധിച്ചു. അതേസമയം ആഗോളതലത്തിൽ 340 കോടി രൂപയാണ് ചിത്രത്തിന് ഇതുവരെ നേടാനായത്. 400 കോടി രൂപയിലേറെയാണ് ചിത്രത്തിന്റെ നിർമാണ ചെലവ്. എജിഎസ് എൻ്റർടൈൻമെൻ്റിന്റെ ഏറ്റവും ചെലവേറിയ ചിത്രമാണിത്.
ആദ്യ ദിനം ഇന്ത്യയിൽ നിന്ന് മാത്രം 44 കോടി നേടിയ ചിത്രത്തിന് രണ്ടാം ദിനത്തിൽ 42 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 25.5 കോടിയെ നേടാനായുള്ളു. എഴാം ദിവസം 8.5 കോടിയാണ് ഇന്ത്യയിൽ നിന്നുള്ള വരുമാനം. കേരളത്തിലും ചിത്രത്തിന് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ഇതുവരെ 12.05 കോടിയാണ് ഇവിടെ നിന്നുള്ള വരുമാനം.