ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ ക്രിക്കറ്റ് ചരിത്രത്തിലെ ഒരു സുവർണ റെക്കോർഡ് സ്വന്തമാക്കി കഗിസോ റബാഡ. ടെസ്റ്റിൽ അതിവേഗം 300 വിക്കറ്റ് തികയ്‌ക്കുന്ന (എറിഞ്ഞ പന്തുകൾ അടിസ്ഥാനമാക്കി) ബൗളറായി പ്രോട്ടീസ് താരം. മുൻ പാകിസ്താൻ നായകൻ വഖാർ യൂനിസിനെയാണ് കഗിസോ റബാഡ മറികടന്നത്. 12,602 പന്തിൽ നിന്നാണ് വഖാർ 300 വിക്കറ്റ് നേടിയത്.
റബാഡയ്‌ക്ക് 11,187 പന്ത് മാത്രമാണ് ചരിത്ര നേട്ടത്തിലേക്ക് എത്താൻ വേണ്ടിവന്നത്. മുഷ്ഫീഖർ റഹീമിന്റെ കുറ്റി പിഴുതാണ് താരം നേട്ടം ആഘോഷിച്ചത്. 65-ാം മത്സരത്തിലാണ് നാഴികക്കല്ല് സ്വന്തമാക്കിയത്. ഡെയ്ൽ സ്റ്റെൻ(12,605), അലൻ ഡൊണാൾഡ് (13,672), മാൽക്കം മാർഷൽ (13,728) എന്നിവരെയാണ് താരം പിന്നിലാക്കിയത്.
മത്സരങ്ങളുടെ അടിസ്ഥാനത്തിൽ 300 വിക്കറ്റ് തികയ്‌ക്കുന്ന മൂന്നാമത്തെ ദക്ഷിണാഫ്രിക്കൻ താരമാണ് റബാഡ. ഡെയ്ൽ സ്റ്റെൻ(61), ഡെനാൾഡ്(63). റബാഡ(65). രവിചന്ദ്രൻ അശ്വിനാണ് ഏറ്റവും വേഗത്തിൽ 300 വിക്കറ്റ് സ്വന്തമാക്കിയ ബൗളർ. 54 മത്സരത്തിലായിരുന്നു നേട്ടം. അതേസമയം ബംഗ്ലാദേശ് 106ന് പുറത്തായി. റബാഡയ്‌ക്ക് മൂന്ന് വിക്കറ്റ് ലഭിച്ചു.