പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുണ്ടായ പൊട്ടിത്തെറി പാലക്കാട് കോൺഗ്രസിൽ അവസാനിക്കുന്നില്ല. പ്രാദേശിക കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു. 35 വർഷത്തോളം കോൺഗ്രസിൽ സജീവമായി പ്രവർത്തിച്ചിരുന്ന പുരുഷോത്തമൻ പിരായിരിയാണ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ അദ്ദേഹം അംഗത്വം സ്വീകരിച്ചു.
കോൺഗ്രസിന്റെ ഏകാധിപത്യവും അഹംഭാവവുമാണ് കോൺഗ്രസ് വിടാൻ കാരണമെന്ന് പുരുഷോത്തമൻ പറഞ്ഞു. സാധാരണ പാർട്ടി പ്രവർത്തകരുടെ അഭിപ്രായങ്ങൾ മാനിക്കാതെയാണ് കോൺഗ്രസ് നേതൃത്വം തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. സാധാരണ കോൺഗ്രസുകാരനെ സംബന്ധിച്ച് ഇത്തരം ഏകാധിപത്യം ഉൾക്കൊള്ളാൻ സാധിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മാദ്ധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിദ്യാർത്ഥിയായിരുന്ന കാലം മുതൽ കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയായിരുന്നു. എന്നാൽ സാധാരണക്കാരെ കോൺഗ്രസ് പരിഗണിച്ചില്ല. കോൺഗ്രസിന്റെ ഇത്തരം പ്രവണതകൾ പാർട്ടിയെ അധപതനത്തിലേക്ക് നയിക്കും. ബിജെപിയുടെ വികസന പ്രവർത്തനങ്ങളിലും ആദർശങ്ങളിലും ആകൃഷ്ടനായാണ് പാർട്ടയിൽ ചേർന്നതെന്നും പുരുഷോത്തമൻ വ്യക്തമാക്കി.
കോൺഗ്രസ് ഗാന്ധിദർശൻ സമിതിയുടെ മണ്ഡലം സെക്രട്ടറിയായിരുന്നു പുരുഷോത്തമൻ പിരിയാരി. ഓവർസീസ് ഇന്ത്യൻ കൽച്ചറൽ കോൺഗ്രസിന്റെ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.